കേരളാ പോലീസ് എക്കാലത്തും പ്രതിഭാശാലികളായ കായിക താരങ്ങളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍. തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന കണ്ണൂര്‍ സിറ്റി പോലീസ് രണ്ടാമത് ഗെയിംസ് ആന്‍ഡ് അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ് പോലീസ്. കായിക ക്ഷമതയില്‍ എന്നും മുന്നിലാണ് പോലീസ് സേന. അതുകൊണ്ട് തന്നെ ജോലിക്കിടയിലെ ഇത്തരം കായിക മത്സരങ്ങളും, കലാമത്സരങ്ങളും മാനസിക സന്തോഷത്തിന് സഹായകരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു . കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ മുഖ്യാതിഥിയായി, കണ്ണൂര്‍ സിറ്റി കമ്മിഷണര്‍ അജിത് കുമാര്‍ സന്നിഹിതനായി. തുടര്‍ന്ന് നടന്ന പാസ്സിംങ് ഔട്ട് പരേഡില്‍ സ്പീക്കര്‍ സല്യൂട്ട് സ്വീകരിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേളയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ്ങ് ജംപ്, നടത്തം, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് തുടങ്ങി പുരുഷ വിഭാഗത്തില്‍ 23 ഇനങ്ങളും വനിതാ വിഭാഗത്തില്‍ 15 ഇനങ്ങളുമാണുള്ളത്. ആകെ 450 മത്സരാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. മേള വ്യാഴാഴ്ച സമാപിക്കും.