മുളന്തുരുത്തി: എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം എം.എല്‍.എ അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. രണ്ടു കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനം ധനസഹായവും നബാഡ് ആണ് നല്‍കുന്നത്.

നിലവിലെ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പരിമിതികള്‍ പരിഹരിക്കുന്നതിനാണ് 13800 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ വിപണനകേന്ദ്രം ഒരുങ്ങുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ വിപണന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്റര്‍ പറഞ്ഞു.കര്‍ഷകര്‍ക്ക് ആവശ്യമായതെല്ലാം ഒരുകുടക്കീഴില്‍ അണിനിരത്താന്‍ പുതിയ വിപണന കേന്ദ്രത്തിലൂടെ സാധിക്കും. കേന്ദ്രം കര്‍ഷകര്‍ക്ക് ഏറെ സഹായകരവും പ്രദേശത്തെ കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുവാന്‍ പര്യാപ്തമാണെന്നും അവര്‍ പറഞ്ഞു.

ആഴ്ചയില്‍ രണ്ടു ദിവസമാണ് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണന കേന്ദ്രത്തിലൂടെ നേരിട്ട് വില്‍ക്കാന്‍ സാധിക്കുന്നത്. പുതിയ കാര്‍ഷിക ഉപകരണങ്ങളും സാധ്യതകളും അടുത്തറിയുവാനും വിവിധതരം വളങ്ങളും മറ്റും വാങ്ങാനുള്ള സൗകര്യവും പരിശീലന പരിപാടികളും ഈ കേന്ദ്രത്തിലൂടെ സാധ്യമാകുന്നു.

ചടങ്ങില്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, ജില്ലാപഞ്ചായത്തംഗം എ.പി സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ ഒ. ആര്‍ ഹരിക്കുട്ടന്‍, ലിസ്സി സണ്ണി, സിനി ഷാജി,ജൂലിയ ജെയിംസ്, വിവിധ കര്‍ഷക പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴക്കെടുതിയില്‍ നാശനഷ്ടം നേരിട്ട എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വീടുകളുടെ കണക്കെടുപ്പ് നാളെ പൂര്‍ത്തിയാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇ.കെ കൃഷണന്‍കുട്ടി പറഞ്ഞു.