പ്രളയത്തില്‍ പതറാതെ സര്‍വീസ് സഹകരണ ബാങ്കുകള്‍

പറവൂര്‍: പഠന മികവിന് കിട്ടിയതും ലഘു സമ്പാദ്യവും ചേര്‍ത്തുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സഹോദരന്‍മാരായ സല്‍മാനുള്‍ഫരിസി, ഖൈസ് മുഹമ്മദ് എന്നീ കുട്ടികള്‍.
സല്‍മാനുള്‍ഫരിസി കോട്ടുവള്ളിക്കാട് മുഹമ്മദന്‍ എല്‍ .പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഖൈസ് മുഹമ്മദ് പറവൂര്‍ സെന്റ് അലോഷ്യസ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സ്‌കൂളില്‍ നിന്നും നേരിട്ടെത്തിയാണ് ഇരുവരും അവരുടെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പറവൂര്‍ താലൂക്കില്‍ നടന്ന ധനസമാഹരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പ്രളയം ഏറെ ബാധിച്ച പറവൂര്‍ താലൂക്കിലെ എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മനസ്സാന്നിധ്യം കൈവിടാതെ പ്രതിസന്ധി മറികടക്കാന്‍ കഴിയുന്ന രീതിയില്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചവരാണ് പറവൂരുകാര്‍. 152 കോടിയോളം രൂപ ഇപ്പോള്‍ ധനസഹായ വിതരണം നടത്തി കഴിഞ്ഞു. പറവൂര്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. എറണാകുളം ജില്ലയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തില്‍ നല്ല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 14 കോടിയോളം രൂപയാണ് കുട്ടികള്‍ സംഭാവന നല്‍കിയത്. മഞ്ഞുമ്മല്‍ പള്ളിയിലെ തിരുവാഭരണങ്ങള്‍ സംഭാവന ചെയ്തതും പ്രശംസനീയമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും സ്ഥാപനങ്ങളും മതസംഘടനകളും എല്ലാം ഒരുമിച്ച് കേരളത്തെ ഒരു മാതൃകയാക്കി. പ്രളയം പഠിപ്പിച്ച ഈ പാഠവുമായി മുന്നോട്ടു പോകാന്‍ നമുക്കാവണം. പന്തിഭോജനത്തിന്റെ നാടായ ചെറായിയില്‍ വീണ്ടും ആ അന്തരീക്ഷം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

പ്രളയത്തിന്റെ മുന്നില്‍ തളരാതെ നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് സംഭാവനകളുമായി എത്തിയത്. 109703 26 (ഒരു കോടി ഒന്‍പത് ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി ഇരുപത്തി ആറ്) രൂപയാണ് പറവൂര്‍ താലൂക്കില്‍ നിന്നും ലഭിച്ചത്. ഇതില്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് (25 ലക്ഷം), ഐ.സി.ഐ.സി.ഐ ബാങ്ക് നോര്‍ത്ത് പറവൂര്‍ ശാഖ ജീവനക്കാര്‍ (55,000), പ്രസാദ് വി (ഒരു ലക്ഷം), ജിയാസ് പൊട്ടന്‍ തറയില്‍ മജീദ് (33,100) എന്നീ സംഭാവനകള്‍ ഈ മാസം അഞ്ചിന് ജില്ലാ കളക്ടര്‍ക്ക് കൈമാറി. അതിന് ശേഷം താലൂക്കില്‍ ലഭ്യമായ സംഭാവനകളാണ് ചടങ്ങില്‍ മന്ത്രിക്ക് കൈമാറിയത്. ലഘു സമ്പാദ്യം നല്‍കിയ വിദ്യാര്‍ത്ഥികളുടേത് ഒഴിച്ച് ബാക്കിയെല്ലാം ചെക്കുകളായാണ് ലഭിച്ചത്. ആകെ 53 ഇടങ്ങളില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു.

സഹകരണ ബാങ്കുകളുടെ സംഭാവന

കൊങ്ങോര്‍പ്പിള്ളി പത്ത് ലക്ഷം, പറവൂര്‍ പത്ത് ലക്ഷം, പറവൂര്‍ ഗവണ്‍മെന്റ് സര്‍വന്റ്‌സ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം, ചേന്ദമംഗലം അഞ്ച് ലക്ഷം, നീറിക്കോട് അഞ്ച് ലക്ഷം, ചെട്ടിക്കാട് അഞ്ച് ലക്ഷം, പറവൂര്‍ വെസ്റ്റ് മൂന്ന് ലക്ഷം, കുന്നുകര മൂന്ന് ലക്ഷം, വടക്കേക്കര മൂന്ന് ലക്ഷം, കൈതാരം രണ്ട് ലക്ഷം, മന്നം രണ്ട് ലക്ഷം, അയിരൂര്‍ രണ്ട് ലക്ഷം, ചിറ്റാറ്റുകര രണ്ട് ലക്ഷം, കരുമാലൂര്‍ രണ്ട് ലക്ഷം, മാഞ്ഞാലി ഒരു ലക്ഷം.

ഏലൂര്‍ നഗരസഭ അഞ്ച് ലക്ഷം, പറവൂര്‍ നഗരസഭ രണ്ട് ലക്ഷം, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം, കേരള ടോള്‍മെന്‍ അസോസിയേഷന്‍ ഒരു ലക്ഷം, പറവൂര്‍ മഹിളാ സൊസൈറ്റി ഒരു ലക്ഷം, കോഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘം ഒരു ലക്ഷം എന്നിങ്ങനെയും സംഭാവനകള്‍ ലഭിച്ചു. സ്ഥാപനങ്ങള്‍ നേരിട്ട് നല്‍കുന്ന തുക കൂടാതെ ജീവനക്കാരുടെ സംഭാവനകളും നല്‍കുന്നുണ്ട്.

ചടങ്ങിന് പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ അധ്യക്ഷത വഹിച്ചു. പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: പറവൂര്‍ താലൂക്കില്‍ നടത്തിയ ധനസമാഹരണ യജ്ഞത്തില്‍ പഠന മികവിന് കിട്ടിയതും ലഘു സമ്പാദ്യവും സൂക്ഷിച്ച കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സല്‍മാനുള്‍ഫരിസി, സഹോദരന്‍ ഖൈസ് മുഹമ്മദ് എന്നിവര്‍