വയനാട്: പ്രകൃതി ദുരന്തത്തില്‍ ജില്ലയില്‍ ഭവനരഹിതരായവര്‍ക്കായി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്റെ നേതൃത്തില്‍ താത്കാലിക ഷെല്‍ട്ടറുകളുടെ നിര്‍മ്മാണം തുടങ്ങി. പ്രവൃത്തി ഉദ്ഘാടനം പനമരം കൊളത്താറ ആദിവാസി കോളനിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന് നിര്‍വഹിച്ചു. ഷെല്‍ട്ടര്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന സുവര്‍ണ കര്‍ണാടക കേരള സമാജം, ഐഫോ, ഹാബിറ്റാറ്റ്, ഫിഡലിറ്റി, ക്ലൂണി സിസ്റ്റേഴ്സ് കോണ്ഗ്രിഗേഷന് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
ബാംഗ്ലൂര്‍ കെയേഴ്സ് ഫോര്‍ കേരള എന്ന പേരില്‍ പ്രൊജക്ട് വിഷന്റെ നേതൃത്വത്തില്‍ 352 ഷെല്‍ട്ടറുകളാണ് ജില്ലയില്‍ നിര്‍മ്മിക്കുക. പ്രവൃത്തി ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം അറിയിച്ചു. ഗുണഭോക്താക്കളില്‍ ഏറെയും ആദിവാസികളാണ്. കുറഞ്ഞ ചെലവ്, പെട്ടെന്നുള്ള പൂര്‍ത്തീകരണം, നിര്‍മ്മാണവസ്തുക്കളുടെ പുനരുപയോഗം എന്നി ഐക്യരാഷ്ട്രസംഘടന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുക. ഗുണഭോക്താക്കളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെയും സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണം. ഷെല്‍ട്ടര്‍ നിര്‍മ്മാണവുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ 9446030066 എന്ന നമ്പറില്‍ വിളിക്കണമെന്നു ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചു. പ്രൊജക്ട് വിഷന്‍ തൃശൂര്‍, ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഷെല്‍ട്ടര്‍ നിര്‍മ്മാണം നടത്തുന്നുണ്ട്. ചടങ്ങില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്, ബ്ലോക്ക് പഞ്ചായത്തംഗം സതീദേവി, പ്രൊജക്ട് വിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, ജില്ലാ രക്ഷാധികാരി ഫാ. തോമസ് ജോസഫ് തേരകം, പ്രസിഡന്റ് ജോണി പാറ്റാനി, കോ – ഓര്‍ഡിനേറ്റര്‍മാരായ ഷനൂപ്, ജോമോന് തുടങ്ങിയവര്‍ പങ്കെടുത്തു.
