കാലവര്‍ഷക്കെടുതികളില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍നിര്‍മ്മാണം ശാസ്ത്രീയമായ രീതിയില്‍ മൂന്ന് ഘട്ടങ്ങളിലൂടെ സാധ്യമാക്കുമെന്നു ജില്ലാ ഭരണകൂടം രൂപം നല്‍കിയ റീബില്‍ഡ് വയനാട് പദ്ധതിയുടെ പ്രതിനിധികള്‍ ലോക ബാങ്ക് പ്രതിനിധികളെ അറിയിച്ചു. ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കോഴിക്കോട് ചാപ്റ്റര്‍, വി ഫോര്‍ വയനാട് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബൃഹത്ത് പദ്ധതിയാണ് റീബില്‍ഡ് വയനാട്. പ്രളയവും മണ്ണിടിച്ചിലും ഭൂമി പിളരല്‍ പോലുള്ള പ്രതിഭാസങ്ങളും ജില്ലയിലെ പൊതു ആവാസ വ്യവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ കണക്കെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. ഈ ഘട്ടം പൂര്‍ത്തിയാക്കിവരികയാണെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ വി.പി ദീപ അറിയിച്ചു. ജനപ്രതിനിധികളുടെയും ജില്ലക്കകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാമൂഹിക സാമ്പത്തിക സര്‍വേയും നടക്കുന്നുണ്ട്. വിവിധ മേഖലകളിലെ വിവര ശേഖരണത്തിനു ശേഷം സൂക്ഷ്മമായി വിലയിരുത്തുകയും പൂനര്‍നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യും. ഐക്യരാഷ്ട്ര സഭയുടെ അംഗീകൃത രൂപരേഖ പ്രകാരമാണ് ദുരന്താഘാത പഠനം നടത്തുന്നതെന്ന് ആര്‍ക്കിടെക്റ്റ് നൂറൈന്‍ അഹമ്മദ് അറിയിച്ചു. ദുരന്താനന്തര ആവശ്യ പഠനം, നഷ്ടക്കണക്കെടുപ്പ്, ജീവിതോപാധികളുടെയും അടിസ്ഥാനോപാധികളുടെയും ആവശ്യം തുടങ്ങിയവയെല്ലാം പരിഗണിക്കപ്പെടും. സൂക്ഷ്മതലത്തില്‍ നടത്തുന്ന ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ ഭാവി പദ്ധതി രൂപീകരണത്തിനു സഹായകമാവുമെന്നും വയനാട് റീബില്‍ഡ് പ്രതിനിധികള്‍ ലോക ബാങ്ക് സംഘത്തെ അറിയിച്ചു.