വയനാട്: ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം വച്ചു കുടുംബശ്രീ ആവിഷ്ക്കരിച്ച ബ്രിഡ്ജ് കോഴ്സ് കല്‍പ്പറ്റ മുനിസിപ്പാലിറ്റി പടപുരം കോളനിയില്‍ ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇല്ലാതാക്കുക, കൊഴിഞ്ഞുപോക്ക് തടയുക, സാംസ്കാരിക പുരോഗതി കൈവരിക്കുക എന്നി ലക്ഷ്യങ്ങളോടെയാണ് ബ്രിഡ്ജ് കോഴ്സ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആദിവാസി മേഖലയിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കായാണ് പദ്ധതി. വൈകുന്നേരങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്സ്ട്രക്ടമാരാണ് നയിക്കുക. ചടങ്ങില്‍ കൗണ്‍സിലര്‍ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, ആനിമേറ്റര്‍ പ്രമീള തുടങ്ങിയവര്‍ പങ്കെടുത്തു.
