ഡിജിറ്റൽ വിവരശേഖരണത്തിനായി സാങ്കേതികജ്ഞാനമുള്ള സന്നദ്ധപ്രവർത്തകരെ ആലപ്പുഴയ്ക്ക് ആവശ്യമുണ്ട്. പ്രളയത്തിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ആലപ്പുഴ ജില്ലയെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും അകമഴിഞ്ഞു പിന്തുണച്ച സുമനസ്സുകൾക്കും സന്നദ്ധപ്രവർത്തകർക്കും ഇതിന്റെ ഭാഗമാകാം. നീലംപേരൂർ, മുട്ടാർ, വെളിയനാട്, തലവടി, തകഴി, രാമങ്കരി, വീയപുരം, മുളക്കുഴ, തിരുവൻവണ്ടൂർ, വെണ്മണി, ചെന്നിത്തല-തൃപ്പെരുംതുറ, ചെറുതന പഞ്ചായത്തുകളിലാണ് ഇനിയും വളരെ കൂടുതലായി വോളന്റീയർമാരെ ആവശ്യമായുള്ളത്.
ഇതിൽ പങ്കാളികളാകുവാൻ www.volunteers.rebuild.kerala. gov.in എന്ന വെബ് സൈറ്റിൽ മേൽ സൂചിപ്പിച്ചിട്ടുള്ള പഞ്ചായത്തുകളിൽ സൗകര്യപ്രദമായവ എൽ.എസ്.ജി.ഐ. പ്രിഫറൻസ് ആയി തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതോ ഈ പഞ്ചായത്തുകളിൽ നേരിട്ട് ബന്ധപ്പെടാവുന്നതോ ആണ്. ഈ വെബ്‌സൈറ്റിൽ ഇതിനകം രജിസ്റ്റർ ചെയ്തതും നിലവിൽ മറ്റൊരിടത്തും സർവേയ്ക്കായി ചുമതലപ്പെടുത്തിയിട്ടില്ലാത്തതു മായ സന്നദ്ധപ്രവർത്തകർക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു എൽ.എസ്.ജി.ഐ. പ്രിഫറൻസ് മാറ്റിനൽകി മേൽസൂചിപ്പിച്ച ആവശ്യമായ സ്ഥലങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കാം. അപേകർക്ക് ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്‌ഫോൺ കൈവശം ഉണ്ടാവണം.
മഹാപ്രളയത്തിൽ ജില്ലയിലെ വീടുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് റീബിൽഡ് കേരള എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡിജിറ്റൽ വിവരശേഖരണം സംസ്ഥാനത്തുടനീളം നടന്നുവരികയാണ്. കഷ്ടനഷ്ടങ്ങളുടെയും അവ ബാധിച്ചവരുടെയും കൃത്യമായ കണക്കെടുപ്പിനും തുടർന്ന് ഔദ്യോഗിക തലത്തിലുള്ള സഹായങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതിനും ദുരിതബാധിതരെ കൈപിടിച്ചുയർത്തുന്നതിനുമായുള്ള സുപ്രധാനമായ ഈ പ്രവർത്തനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ട്. പ്രളയം ഏറ്റവും നാശം വിതച്ച കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ പ്രത്യേകിച്ചും പതിനായിരക്കണക്കിന് കെട്ടിടങ്ങളുടെ വിവരശേഖരണം പൂർത്തീകരിക്കുവാനുണ്ട്. ഇതിനായാണ് സാങ്കേതികവൈദ്യഗ്ധ്യമുള്ള സന്നദ്ധപ്രവർത്തകരെ ക്ഷണിച്ചിരിക്കുന്നത്.