കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താന്‍ ലോക ബാങ്ക്, എഡിബി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. എട്ട് പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ലോക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ട സമഗ്ര അവതരണമാണ് കളക്ടര്‍ നടത്തിയത്. 47% അധിക മഴ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും വിശദമായി അവതരിപ്പിച്ചു. ജൂലൈ മാസം മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിരുന്നു. ഓഗസ്റ്റ് എട്ടിന് രണ്ടാം ഘട്ട കനത്ത മഴ ആരംഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്യാംപുകള്‍ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.
ഡാമുകളില്‍ നിന്നുള്ള വെള്ളം വന്‍തോതില്‍ പെരിയാറിലെത്തിയതോടെ ആലുവ, പറവൂര്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. 1,15,250 പേരെയാണ് വിവിധ സേനാവിഭാഗങ്ങള്‍ രക്ഷപെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ – 12889, പോലീസ്-68928, എന്‍ഡിആര്‍എഫ്-600, ആര്‍മി-10500, നേവി-16843. കൂടാതെ മത്സ്യത്തൊഴിലാളികളുടെ 400 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 969 ദുരിതാശ്വാസ ക്യാംപുകളിലായി 4.2 ലക്ഷം പേരാണുണ്ടായിരുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് ജില്ലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രളയാന്തര പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രവും ലോകബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. 177000 കുടുംബങ്ങളാണ് പ്രളയബാധിതമായി കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്കായി 2.34 കിറ്റുകള്‍ വിതരണം ചെയ്തു. അടിയന്തര ധനസഹായ വിതരണവും കിറ്റ വിതരണവും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ആരോഗ്യമേഖലയില്‍ 5,3831050 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു. 73 ആശുപത്രികളില്‍ അടിസ്ഥാന സൗകര്യവും 68 ആശുപത്രികളില്‍ ഉപകരണങ്ങളും 15 സ്ഥാപനങ്ങളില്‍ മരുന്നും നഷ്ടമാകുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്തിട്ടുണ്ട്. സിഎച്ച്‌സി, പിഎച്ച്‌സി, താലൂക്ക് ആശുപത്രി, സബ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് നാശ നഷ്ടമുണ്ടായിരിക്കുന്നത്.
പ്രളയത്തെ തുടര്‍ന്ന് 2691 വലിയ മൃഗങ്ങളും 2462 ചെറിയ മൃഗങ്ങളും 145150 പക്ഷികളും ചത്തൊടുങ്ങി. 2,12,009 വീടുകളാണ് ശുചീകരിക്കാനുണ്ടായിരുന്നത്. ഇതില്‍ 2,11,177 വീടുകളുടെ ശുചീകരണം പൂര്‍ത്തിയായി.  80,355 കിണറുകള്‍ ശുചീകരിക്കേണ്ടതുണ്ടായിരുന്നു. ഇതില്‍ 71045 കിണറുകള്‍ ശുചീകരിച്ചു. 5530 ടണ്‍ അജൈവ മാലിന്യങ്ങളാണ് പ്രളയബാധിത മേഖലകളില്‍ നിന്ന് ശേഖരിച്ചത്.
വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ തോതില്‍ പുനസ്ഥാപിച്ചിട്ടുണ്ട്. പമ്പ് ഹൗസുകള്‍ മുങ്ങിയതു മൂലവും പൈപ്പ് ലൈനുകളുടെ സ്ഥാനം മാറലും സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 204 കോടി രൂപയുടെ നഷ്ടമുണ്ടായതായി കൃഷി വകുപ്പ് യോഗത്തില്‍ വ്യക്തമാക്കി. 6361 ഹെക്ടര്‍ കൃഷി ഭൂമിയും 120 ഹെക്ടര്‍ പാടവും വെള്ളത്തിനടിയിലായി. 850 ഹെക്ടറില്‍ പച്ചക്കറി കൃഷിയും നശിച്ചു. കൂടാതെ പ്രളയ ശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠിയില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്. മണ്ണിന്റെ പോഷകഗുണങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. 90% പൊക്കാളി കൃഷിയും നശിച്ചു. 33,92,500 രൂപയുടെ നഷ്ടമാണ് ഫീഷറീസ് വകുപ്പ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഫാമുകളും ഹാച്ചറികളും, അക്വാക്കള്‍ച്ചര്‍ എന്നിവയുടേതടക്കമുള്ള നാശനഷ്ടമാണിത്.
ജീവനോപാധികളുടെ നഷ്ടം നേരിടുന്നതിന് കുടുംബശ്രീ നല്‍കുന്ന സഹായ സംവിധാനങ്ങളെക്കുറിച്ച് ലോകബാങ്ക് സംഘം ചോദിച്ചറിഞ്ഞു. പ്രളയബാധിത കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതവും എന്‍എച്ച്ജിക്ക് 10 ലക്ഷവുമാണ് വായ്പ ലഭ്യമാക്കുന്നത്. 9% പലിശ സര്‍ക്കാര്‍ അടയ്ക്കും.
ജില്ലയില്‍ 814011 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 3619 വീടുകള്‍ പൂര്‍ണ്ണമായും 23110 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് അതിവേഗം പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. റീബില്‍ഡ് കേരള ആപ്പ് വഴി വിവരശേഖരണത്തിന് 7000 വൊളന്റിയര്‍മാരാണ് രംഗത്തുള്ളത്. ഈ മാസം 23 ഓടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാകും. ശേഖരിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപന എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അല്ലെങ്കില്‍ ഓവര്‍സീയര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും വെരിഫൈ ചെയ്ത ശേഷമാണ് കണക്കുകള്‍ സ്ഥിരീകരിക്കുക.
1167 കിലോമീറ്റര്‍ റോഡുകളെ പ്രളയം ബാധിച്ചു. 780 കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. 330 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കുന്നത്.
ജില്ലയില്‍ 8113.81  കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഭവന മേഖലയില്‍ 3136.24 കോടി, പൊതുകെട്ടിടങ്ങള്‍ -24.66, റോഡുകളും പാലങ്ങളും 1176.53 കോടി, നഗരമേഖലയിലെ അടിസ്ഥാനസൗകര്യം- 9.78 കോടി, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം – 9.54 കോടി, ജലവിഭവം – 102.01 കോടി, ജീവനോപാധി (മത്സ്യബന്ധനം, വിനോദ സഞ്ചാരം, ചെറുകിട വ്യാപാരം തുടങ്ങിയവ) – 3520.19 കോടി, കൃഷി, മൃഗസംരക്ഷണം – 123.64 കോടി, ഊര്‍ജ മേഖല – 8.15 കോടി, പരിസ്ഥിതി, ജൈവ വൈവിധ്യം- 3.07 കോടി എന്നിങ്ങനെയാണ് നഷ്ടത്തിന്റെ കണക്ക്.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം എം.കെ. കബീര്‍, ആര്‍ ഡി ഒ മാരായ എസ്. ഷാജഹാന്‍, എം.ടി. അനില്‍ കുമാര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.