ആലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ധനശേഖരണ പരിപാടിക്ക് തുടക്കമിട്ടത് ജില്ല പഞ്ചായത്ത്. ജില്ല പഞ്ചായത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു കോടി രൂപയാണ് അദ്യം മന്ത്രി സ്വീകരിച്ചത്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് മന്ത്രി ജി.സുധാകരന് നേരിട്ട് ലഭിച്ച 31.33 ലക്ഷം രൂപ ജില്ല കളക്ടർക്ക് അദ്ദേഹം നൽകിയിരുന്നു. ഇതിൽ അയർലണ്ടിൽ നിന്നുള്ള വാട്ടർ ഫോർഡ് മലയാളി അസോസിയേഷൻ നൽകിയ 9.93 ലക്ഷം രൂപ, പൊലീസ് എംപ്ലോയീസ് സൊസൈറ്റി നൽകിയ മൂന്നുലക്ഷം, ജില്ലയിലെ കോളജ് വിദ്യാർഥികളുടെ സംഭാവന 76000 രൂപ, കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്സ് അസോസിയേഷന്റെ രണ്ട് ലക്ഷം, എസ്.ഡി.കോളജിലെ വിരമിച്ച അധ്യാപകർ നൽകിയ3,65000 രൂപ എന്നിവയും ഉൾപ്പെടുന്നു.