ആലപ്പുഴ: മണ്ഡലാടിസ്ഥാനത്തിലുള്ള ധനസമാഹരണത്തിന്റെ മൂന്നാം ദിവസം  അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 7,64,64,345 രൂപ. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 4,83,39,795 രൂപയാണ് ലഭിച്ചത്.  കുഞ്ചുപിള്ള മെമ്മോറിയൽ ഹൈസ്‌കൂളിൽ രാവിലെ നടന്ന ചടങ്ങിൽ 4,83,39,795 രൂപയും ഉച്ചകഴിഞ്ഞ് ആലപ്പുഴ ഗേൽസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ആലപ്പുഴ നഗരസഭ പരിധിയിൽ നിന്ന് 2,81,24,550 രൂപയും ഒന്നരപവന്റെ സ്വർണ്ണ വളയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ, തുടങ്ങി അനേകം ആളുകളാണ് ധനസമാഹരണത്തിൽ പങ്കാളികളായത്.  ധനസമാഹരണം അവധിദിനം ആയിരുന്നിട്ടും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളായ അമ്പലപ്പുഴ തെക്ക്  ഗ്രാമപഞ്ചായത്ത് 1,72,63,330 രൂപയും അമ്പലപ്പുഴ വടക്ക്   ഗ്രാമപഞ്ചായത്ത് 20, 47,701രൂപയും , പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 33,54,961 രൂപയും,പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 32,33,650 രൂപയും, പുറക്കാട് ഗ്രാമപഞ്ചായത്ത് 27,47,000 രൂപയും ആണ് നൽകിയത്.  ഏറ്റവും കൂടുതൽ തുക സംഭാവനയായി നൽകിയത് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്താണ്.

ആലപ്പുഴ ജില്ല പഞ്ചായത്ത് 1 കോടി രൂപയും  അമേരിക്കൻ മലയാളികൾ 75 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സബ് കളക്ടർ കൃഷ്ണ തേജയുടെ ഭാര്യാപിതാവും മറ്റ്  71 പേരും ചേർന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് കൗൺസിൽ  ആന്ധ്രാപ്രദേശിൽ നിന്ന്  44 ലക്ഷം രൂപ സംഭാവന നൽകി. ആലപ്പുഴ ഭീമ നൽകിയ 1 കോടി രൂപ ഉടമ ലക്ഷ്മീകാന്തൻ മന്ത്രിക്ക് കൈമാറി.

ആലപ്പുഴ നഗരസഭ 50 ലക്ഷം രൂപയും സംഭാവന നൽകി. ഇ.കെ.കെ.കൺസ്ട്രക്ഷൻസ് ഒരു കോടി രൂപ മന്ത്രിക്ക് കൈമാറി. പാലത്ര കൺസ്ട്രക്ഷൻസ് 25 ലക്ഷം രൂപയും ബഗോറ 25 ലക്ഷം രൂപയും വാഹിദ് 10 ലക്ഷവും സൂര്യ കൺസ്ട്രക്ഷൻസ് അഞ്ച് ലക്ഷവും നിധിയിലേക്ക് കൈമാറി.

തദ്ദേശ സ്ഥാപനങ്ങളെ കൂടാതെ ഈ പ്രദേശങ്ങളിലെ പള്ളി കമ്മിറ്റികൾ, മത സംഘടനകൾ, ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ, വിവിധ സാംസ്‌ക്കാരിക- സാമൂഹ്യ സംഘടനകൾ, പ്രവാസി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ചുള്ളവരും വ്യക്തികളും സംഭാവന നൽകാനായി എത്തിയിരുന്നു. വൈകിട്ട് ആലപ്പുഴ ഗവണ്മെന്റ് ഗേൾസ് സ്‌കൂളിൽ ചേർന്ന ധനസമാഹാരണ യോഗത്തിൽ  നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഡി.ലക്ഷ്മണൻ, മറ്റ്  നഗരസഭ കൗൺസിലർമാർ , ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഭാവന സംബന്ധിച്ച പൂർണമായ വിവരങ്ങൾ ക്രോഡീകരിച്ചുവരുകയാണ്.