# വീടിന്റെ താക്കോല്‍ ദാനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും
# വീടു നിര്‍മ്മാണം 15 ദിവസം കൊണ്ടു പൂര്‍ത്തിയാക്കി

പുനരധിവാസത്തിന്റെ മികച്ച മാതൃക തീര്‍ക്കുകയാണ് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ സന്നദ്ധ സംഘടനയും ഉര്‍വി ഫൗണ്ടേഷനും. പ്രളയക്കെടുതിയെ അതിജീവിക്കാന്‍ പ്രകൃതിക്കിണങ്ങിയ വീടെന്ന ആശയത്തിലൂടെ കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവില്‍ സൗജന്യമായി സുരക്ഷിതമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണിവര്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെ തണലിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോള്‍ ദാനം ചൊവ്വാഴ്ച രാവിലെ 10ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പൊഴുതന പഞ്ചായത്തിലെ ആറാംമൈലില്‍ നിര്‍വഹിക്കും. കാലവര്‍ഷക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട എഴുപതുകാരി കളത്തിങ്കല്‍ വീട്ടില്‍ പാത്തുമ്മയ്ക്കും ഏഴംഗ കുടുംബത്തിനുമായാണ് ആദ്യ വീട് പൂര്‍ത്തിയാക്കിയത്. ആറുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച പാത്തുമ്മയുടെ മകളുടെ കല്യാണമാണ് ഈ വരുന്ന ഒക്ടോബറില്‍. വീടെന്ന സ്വപ്‌നം ഇത്ര പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്നു ഈ കുടുംബവും വിചാരിച്ചു കാണില്ല. എന്നാല്‍ പുനരധിവാസത്തിന്റെ പൂര്‍ണ്ണ പ്രാപ്തിക്കു കാലങ്ങളെടുക്കുന്ന മുന്‍ക്കാലങ്ങളില്‍ നിന്നും വിത്യസ്തമായി, പ്രകൃതിക്കിണങ്ങിയ ആദ്യ വീടു നിര്‍മ്മിച്ചത് വെറും 15 ദിവസം കൊണ്ടായിരുന്നു. കേരള മാതൃക നിലനിറുത്തി കൊണ്ടുതന്നെ ഗുണമേന്മ കൂടിയ സിമന്റ് ഫൈബര്‍ ബോര്‍ഡ്, ജി.ഐ. എം.എസ് പൈപ്പുകള്‍, റൂഫ് സിസ്റ്റം എന്നിവയിലൂടെ ഉറപ്പും സൗന്ദര്യവും ഒത്തിണങ്ങി രൂപകല്പന ചെയ്ത് വീടിന് ചെലവായത് ആറേകാല് ലക്ഷം രൂപയാണ്. ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ കാലങ്ങള്‍ കഴിഞ്ഞാലും വീടു നിര്‍മ്മാണത്തിനുപയോഗിച്ച സാധനസാമഗ്രികളൊന്നും നഷ്ടപ്പെടാതെ തന്നെ അഴിച്ചുമാറ്റി മറ്റൊരിടത്ത് വീട് പുനര്‍നിര്‍മ്മിക്കാമെന്നതും നിര്‍മ്മാണത്തിന്റെ പ്രത്യേകതയാണ്. സമയബന്ധിതമായി ചെലവു ചുരുക്കി ശാസ്ത്രീയ മാതൃക തീര്‍ത്തതോടെ തണലിനും ഉര്‍വി ഫൗണ്ടേഷനും ഇത് അഭിമാന നേട്ടമായി, ഒപ്പം പുനരധിവാസത്തിന് ആലോചിക്കാന്‍ കഴിയുന്ന മാതൃകയുമായി തീര്‍ന്നു.
പൊഴുതന ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സര്‍വേയിലൂടെയാണ് തണല്‍ വളണ്ടിയര്‍മാര്‍ പാത്തുമ്മയേയും കുടുംബത്തെയും കണ്ടെത്തുന്നത്. ഇതെ മാതൃകയില്‍ ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും ദുരന്തബാധിതര്‍ക്കായി വീടു നിര്‍മ്മിച്ചു കൊടുക്കാനുള്ള പദ്ധതികള്‍ തണലിന്റെ നേതൃത്വത്തില്‍ ആലോചനയിലാണ്. സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങി വീടു നിര്‍മ്മിച്ചു കൊടുക്കാനാണ് തീരുമാനം. പത്തു വര്‍ഷത്തോളമായി സന്നദ്ധ സേവന മേഖലയില്‍ സജീവമായി ഇടപ്പെടുന്ന തണലിന്റെ കീഴില്‍ ഡയാലിസിസ് സെന്റര്‍, വൃദ്ധ സദനം തുടങ്ങി 22 ഓളം സേവനസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തനം.
വീട് സമര്‍പ്പണ ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ഹാബിറ്റേറ്റ് ഗ്രൂപ്പ് ഫൗണ്ടര്‍ ആന്‍ഡ് ചീഫ് ആര്‍കിടെക്ട് ജി. ശങ്കര്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, സി.ഇ.ഒ ആന്‍ഡ് ഫൗണ്ടര്‍ ഐഡി ഫ്രഷ് ഫുഡ് പി.സി മുസ്തഫ, മേപ്പ് അഡൈ്വസറി ഗ്രൂപ്പ് എം.ഡി ജേക്കബ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.