ശബരിമല: തീര്‍ഥാടകര്‍ക്ക് സ്വന്തം ചിത്രമുള്ള പോസ്റ്റല്‍ സ്റ്റാമ്പ് പത്ത് മിനിട്ടു കൊണ്ട് തയാറാക്കി നല്‍കുന്ന സംവിധാനം സന്നിധാനം പോസ്റ്റ് ഓഫീസില്‍ ഒരുങ്ങി. 300 രൂപ അടച്ചാല്‍ ആര്‍ക്കും സോപാനത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സ്വന്തം ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് സ്വന്തമാക്കാം. കത്തയയ്ക്കാനും ഓര്‍മ്മയ്ക്കായി സൂക്ഷിക്കാനും സ്റ്റാമ്പ് ശേഖരണ മത്സരങ്ങളില്‍ അവതരിപ്പിക്കാനും ഇത് ഉപയോഗിക്കാം. 12 കോപ്പികളുള്ള ഒറ്റ സെറ്റ് സ്റ്റാമ്പാണ് ലഭിക്കുക.
മണ്ഡല-മകര വിളക്ക് കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനം പോസ്റ്റോഫീസ് ഏറെ പ്രത്യേകതകളുള്ളതാണ്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടത്തെ തപാല്‍ മുദ്ര. രാജ്യത്ത് മറ്റൊരിടത്തും പോസ്റ്റല്‍ വകുപ്പ് ഇത്തരത്തില്‍ വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കാറില്ല. അയ്യപ്പന്റെ അനുഗ്രഹം തേടിയുള്ള കൗതുകകരമായ കത്തുകള്‍ എല്ലാ സീസണിലും ഇവിടെയെത്താറുണ്ടെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ എം.അയ്യപ്പന്‍ പറഞ്ഞു. ലോര്‍ഡ് അയ്യപ്പന് എന്ന പേരില്‍ വിവാഹ ക്ഷണക്കത്തുകള്‍, വീട് പാലുകാച്ചലിനുള്ള ക്ഷണക്കത്തുകള്‍, വ്യക്തിപരമായ ദുഖങ്ങളും ആകുലതകളുമുള്ള കത്തുകള്‍, അയ്യപ്പനുള്ള കാണിക്കയായി മണിയോര്‍ഡറുകള്‍ എന്നിവയെല്ലാം ഇവിടെയെത്തും. ഇവ ദേവസ്വം അധികൃതര്‍ക്ക് കൈമാറും. സന്നിധാനത്ത് ജോലിയിലുള്ള ജീവനക്കാര്‍ക്ക് മണിയോര്‍ഡര്‍ അയയ്ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. സന്നിധാനം പോസ്റ്റല്‍ പിന്‍കോഡ്- 689713. (പി.ആര്‍. ശബരി-26)
പോസ്റ്റോഫീസില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം
ശബരിമല: സന്നിധാനം പോസ്റ്റ് ഓഫീസില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിന് സൗകര്യം. എല്ലാ മൊബൈല്‍ സേവന ദാതാക്കളുടെയും എല്ലാ സേവനങ്ങളും ലഭ്യമാക്കാനുള്ള സംവിധാനം ഇവിടെയുണ്ട്.