വില്ലനായും ഹാസ്യതാരമായും പോലീസ് ഓഫീസറായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടം തേടിയ അനുഗ്രഹീത കലാകാരനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫേയ്സ്ബുക് പോസ്റ്റില്‍ അനുസ്മരിച്ചു. ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലയാളത്തിന്റെ പ്രിയനടന് ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്‍ എന്റെ ഗുരുവായിരുന്നു. സിനിമ അഭിനയമോഹവുമായി നടന്ന എന്നെ ക്യാപ്റ്റനെ പരിചയപ്പെടുത്തിയത് ഫിലിം എക്സിക്യൂട്ടീവായ ബെന്‍സി അടൂര്‍ ആണ്.എം.എല്‍ .എ ആയതിനു ശേഷം ഞാനും ക്യാപ്റ്റനും നിരവധി പൊതുപരിപാടികളില്‍ പങ്കെടുക്കുകവഴി ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു. ബെന്‍സി പറഞ്ഞതനുസരിച്ച് ഒരു ദിവസം ക്യാപ്റ്റന്‍ രാജു എന്നെ ഫോണ്‍ ചെയ്തിട്ടു പറഞ്ഞു അഭിനയിക്കാന്‍ തയാറാവുക ‘മിസ്റ്റര്‍ പവനായി 99.99 ‘ എന്ന സിനിമയില്‍ ഒരു നല്ല വേഷം ചെയ്യണം. എല്ലാം അദ്ദേഹം പറഞ്ഞു തരാമെന്ന് പറയുകയും ചെയ്തു. അടൂരിലും കൊടുമണ്ണിലും പത്തനംതിട്ടയിലുമാണ് ഷൂട്ടിംഗ് നടന്നത്. തുടക്കം മുതല്‍ എല്ലായിടത്തും അദ്ദേഹം എന്നെ പങ്കെടുപ്പിച്ചിരുന്നു. നടന് കുഞ്ചന്‍ അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രത്തെയാണ് അഭിനയിക്കേണ്ടത് എന്നും പറഞ്ഞു.സ്ക്രിപ്ട് (ഡയലോഗ്) എനിക്ക് ഷൂട്ടിംഗിന് മുമ്പ് തന്നയച്ചു. വിജയരാഘവന്റെ മകന് നായകനായിട്ടുള്ള സിനിമയില്‍ നായകന്റെ അങ്കിള്‍ ആയി ഞാന്‍ അഭിനയിച്ചു. എല്ലാം ഭംഗിയായി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷം ഉണ്ടായി. പിന്നീട് എറണാകുളത്ത് ഡബ്ബ് ചെയ്യുവാന്‍ ഞാന്‍ പോവുകയും ചെയ്തു. അങ്ങനെ ആദ്യമായി സിനിമയില്‍ അഭിനയിപ്പിച്ച് എന്റെ മോഹം നടപ്പാക്കി തന്ന ക്യാപ്റ്റന്‍ രാജു എന്നും എന്റെ മനസില്‍ നിറഞ്ഞു നില്ക്കും. പ്രിയ നടന്റെ വേര്‍പാടില്‍ വ്യക്തിപരമായും അടൂര്‍ പൗരാവലിയുടെയും പേരിലുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും എംഎല്‍എ ഫേയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
