മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം റോഡ് ശുചീകരിച്ചു. ചുരം റോഡിന്റെ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. ശുചീകരണ യജ്ഞം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോഡിന്റെ ഇരു ഭാഗങ്ങളിലും നടന്ന ശുചീകരണ പ്രവർത്തനത്തിൽ ആയിരത്തോളം പേർ ഭാഗമായി. യൂണിവേഴ്സിറ്റി എൻ. എസ്.എസ് വളണ്ടിയേഴ്സ്, ഹരിതകർമ്മസേന, ചുരം സംരക്ഷണസമിതി പ്രവർത്തകർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചുരം റോഡിനെ മാലിന്യ മുക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായി പോലീസ്, ഹൈവേ പെട്രോൾ, ചുരം സംരക്ഷണസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിരീക്ഷണ കർമ്മസേനയെ വിന്യസിക്കും. പ്രദേശത്ത് സി.സി.ടി.വിയും സ്ഥാപിക്കും.
ചടങ്ങിൽ പുതുപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ ഗീത, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം.കെ ജയരാജ്‌ എന്നിവർ ഓൺലൈനായി സന്ദേശം നൽകി.

ടി.സിദ്ധിഖ് എം.എൽ.എ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്തംഗം കുട്ടിയമ്മ മാണി, വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ആയിഷകുട്ടി സുൽത്താൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ടി പ്രസാദ്, പഞ്ചായത്ത്‌ സെക്രട്ടറി ഷാനവാസ്‌.ഇ, മാലിന്യ മുക്തം നവകേരളം കോർഡിനേറ്റർ മണലിൽ മോഹനൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്‌ ഇടിഐ കോർഡിനേറ്റർ ഡോ. സണ്ണി, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്‌, പ്രോഗ്രാം ഓഫീസേഴ്സ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്‌തു മുട്ടായ്, എൻ.ആർ ഡി.എഫ് സെക്രട്ടറി മുഹമ്മദ്‌ അടിവാരം, എം.ആർ.എം ഡയറക്ടർ ഷാഹിദ് കൂട്ടമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.