* ദുരിതാശ്വാസനിധിയിലേക്ക് വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥരുടേയും സ്വാശ്രയ കര്‍ഷക സമിതികളുടെയും വിഹിതം ഏറ്റുവാങ്ങി
കാര്‍ഷികമേഖലയെ തിരിച്ചുപിടിക്കുംവിധം ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഊര്‍ജിത പച്ചക്കറികൃഷിക്കുള്ള വിപുലമായ പദ്ധതി കൃഷിവകുപ്പ് ആവിഷ്കരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളയുടെ ഉദ്യോഗസ്ഥരുടേയും സ്വാശ്രയ കര്‍ഷക സമിതികളിലെ കര്‍ഷകരില്‍നിന്നും ശേഖരിച്ച തുക സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുഞ്ചകൃഷിയും വിപുലീകരിക്കും. ആലപ്പുഴ ജില്ലയില്‍ 30,000 ഹെക്ടറെങ്കിലും പുഞ്ചകൃഷി ചെയ്യും. തൃശൂര്‍ ജില്ലയിലെ കോള്‍മേഖലയില്‍ 10,000 ഏക്കര്‍ സ്ഥലത്ത് ഡബിള്‍ കോള്‍ എന്നരീതിയില്‍ രണ്ടാംവിളയിറക്കും. ഇതുവഴി വെള്ളപ്പൊക്കം മൂലമുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ കഴിയും. വയനാടും ഇടുക്കിയിലും ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച ശാസ്ത്രീയപ്രതിവിധികള് അടങ്ങിയ റിപ്പോര്‍ട്ട് കാര്‍ഷിക യൂണിവേഴ്സിറ്റി ഒക്ടോബര്‍ ആദ്യവാരം കൃഷിവകുപ്പിന് നല്‍കും. ആ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും കാര്‍ഷികമേഖലയുടെ കുതിച്ചുചാട്ടത്തിനുതകുന്ന പദ്ധതി തയാറാക്കുക.
തകര്ന്നുപോകാനല്ല, കുതിച്ചുചാട്ടത്തിനുള്ള അവസരമായി പ്രളയത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. ഇതില്‍ വി.എഫ്.പി.സി.കെയ്ക്ക് വലിയ പങ്കുവഹിക്കാനാകും. വി.എഫ്.പി.സി.കെ ആവശ്യപ്പെട്ട നാലുകോടി രൂപയുടെ സഹായം നല്‍കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സര്ക്കാര്ക്കും കൃഷി വകുപ്പും എല്ലാ കൈത്താങ്ങും നല്‍കും.
വിളകള്‍ തിരഞ്ഞെടുക്കുന്നതില്‍ കാലാവസ്ഥാ, ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ കൂടി പരിഗണിക്കേണ്ടിവരും. ഇക്കാര്യത്തില്‍ കര്‍ഷകര്‍ സഹകരിക്കണമെന്നും വിളകള്‍ തിരഞ്ഞെടുക്കുന്നതില്‍ വി.എഫ്.പി.സി.കെ നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഇതുവരെയുണ്ടാകാത്ത ഉണര്‍വുള്ള മാറ്റങ്ങള്‍ വി.എഫ്.പി.സി.കെയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതി വന്നില്ലായിരുന്നുവെങ്കില്‍ വി.എഫ്.പി.സി.കെ വിത്തും തൈയും എത്തിച്ച ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ബമ്പര്‍ വിളവെടുപ്പ് നല്‍കിയേനെയെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്രളയദുരിതമനുഭവിച്ച കര്‍ഷകരും കര്‍ഷകസംഘങ്ങളും ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. ഒരുമാസത്തെ ശമ്പളം നല്കുന്നതിനെപ്പറ്റി പരാതികള്‍ ഉള്ളവര്‍ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്കിയ കര്‍ഷകരെ കണ്ടുപഠിക്കണം. ധനസഹായം മാത്രമല്ല, ക്യാമ്പുകളില്‍ അവരുടെ ഉത്പന്നങ്ങളും കര്‍ഷകര്‍ എത്തിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
വി.എഫ്.പി.സി.കെ വിപണികളില്‍നിന്നും പാലക്കാട് കര്‍ഷകരില്‍നിന്നും ശേഖരിച്ച 9,05,120 രൂപയും വി.എഫ്.പി.സി.കെ ജീവനക്കാരുടെ ആദ്യഗഡുവായ 10,39,886 രൂപയുമാണ് മന്ത്രിക്ക് വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി ജോണും ജില്ലകളിലെ സ്വാശ്രയ കര്‍ഷ സമിതി പ്രതിനിധികളും ചേര്‍ന്ന് കൈമാറിയത്. ബോര്‍ഡ് ഡയറക്ടര്‍മാരും, പ്രോജക്ട് ഡയറക്ടര്‍മാരും കര്‍ഷകരും സംബന്ധിച്ചു.