ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യതാ ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ‘അനൗപചാരിക വിദ്യാഭ്യാസവും വായനയും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന്റെ ഉദ്ഘാടനം കവി പി.കെ. ഗോപി നിര്‍വഹിച്ചു.
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെ 17-ാം ബാച്ചിലേക്ക് രജിസ്റ്റര്‍ ചെയ്ത 73 വയസ്സുള്ള സരോജിനിയും ഹയര്‍ സെക്കൻഡറി തുല്യത കോഴ്‌സിന്റെ എട്ടാം ബാച്ചിലേക്ക് രജിസ്റ്റര്‍ ചെയ്ത 75 വയസ്സുള്ള ടി.സി. നാരായണനനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും പാഠ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളില്‍ തുല്യതാ ക്ലാസുകള്‍ നടക്കും.
ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ. അബ്ദുള്‍ മുനീര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.