കൊച്ചി: ചേന്ദമംഗലം കൈത്തറി കൊണ്ട് ചേക്കുട്ടി പാവകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥികള്‍. പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും ദുരിതബാധിതര്‍ക്ക് ആശ്വാസം പകരുന്നതിന്റെ സന്തോഷമാണ് പാവകള്‍ നിര്‍മ്മിക്കുന്ന ഓരോ വിദ്യാര്‍ത്ഥിയുടെ മുഖത്തും.
പ്രളയത്തില്‍ വളരെ വലിയ നഷ്ടമാണ് ചേന്ദമംഗലം കൈത്തറിക്ക് സംഭവിച്ചത്. പ്രളയത്തില്‍ തകര്‍ന്ന കൈത്തറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാവകളുടെ നിര്‍മ്മാണം എം.എ കോളേജ് ഏറ്റെടുക്കുന്നത്. പാവകള്‍ വിറ്റുകിട്ടുന്ന തുക മുഴുവന്‍ ചേന്ദമംഗലം കൈത്തറിക്ക് നല്‍കും.
കോളേജിലെ എം.കോം ഇന്റര്‍ നാഷണല്‍ ബിസിനസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പാവ നിര്‍മ്മാണം നടക്കുന്നത്. പ്രളയം കാരണം ഉപയോഗ ശൂന്യമായ കൈത്തറി മുണ്ടുകളാണ് പാവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. രണ്ട് മുണ്ടില്‍ നിന്നും 400 ലേറെ പാവകളാണ് ഇവര്‍ നിര്‍മ്മിച്ചത്.
ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം മേധാവി ശാരി സദാശിവന്റേയും അധ്യാപികമാരായ ആര്യ ഗോപി , അബിത എം.എസ്, സഞ്ചു എല്‍ദോസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പാവകള്‍ ഉണ്ടാക്കുന്നത്. 25 രൂപയാണ് ഒരു പാവയുടെ വില. ഉണ്ടാക്കിയ പാവകളില്‍ പകുതിയും കോളേജില്‍ത്തന്നെ വിറ്റ് തീര്‍ത്തു. ബാക്കിയുള്ളവ സമീപത്തെ കടകളില്‍ വിപണനത്തിനായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും കൈത്തറി തുണികള്‍ ഇനിയും ലഭിക്കുകയാണെങ്കില്‍ വീണ്ടും പാവകള്‍ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാണെന്നും വകുപ്പ് മേധാവി ശാരി സദാശിവന്‍ പറഞ്ഞു.
ക്യാപ്ഷന്‍: കോതമംഗലം എം.എ കോളേജ് വിദ്യാര്‍ത്ഥികള്‍ ചേക്കുട്ടി പാവ നിര്‍മ്മാണത്തില്‍