* എംആര്‍എസ്-ഹോസ്റ്റല്‍ സംസ്ഥാനതല കായിക മേള കളിക്കളം 2018 ഉദ്ഘാടനം ചെയ്തു
പട്ടിക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി മനസ്സിലാക്കി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് സര്‍ക്കാര്‍ അവസരങ്ങളുണ്ടാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ മൂന്നാമതു സംസ്ഥാനതല കായിക മേള കളിക്കളം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സരത്തില്‍ ജയവും തോല്‍വിയും ആപേക്ഷികമാണ്. പ്രാതിനിധ്യമാണ് പ്രധാനം. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കു മുമ്പേ കളിക്കളം സംഘടിപ്പിക്കാനും പട്ടിക വിഭാഗത്തിലെ കായിക താരങ്ങള്‍ക്ക് സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പതാക ഉയര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മേളയിലെ ചാമ്പ്യന്മാരായ ടീമുകളുടെ കാപ്റ്റന്‍മാര്‍ക്ക് ദീപശിഖ കൈമാറി മേള ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതിയംഗം ബി. വിദ്യാധരന് കാണി, പട്ടിക വര്‍ഗ വികസന വകുപ്പ് ആര്. പ്രസന്നന് തുടങ്ങിയവര്‍ സംബന്ധിച്ചു. മേളയുടെ ഭാഗ്യചിഹ്നമായ മീറ്റു എന്ന മലയണ്ണാന് പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി.
അറുനൂറോളം പട്ടിക വര്‍ഗ കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്ന മേള നാളെ ഇന്ന് (21) സമാപിക്കും. വൈകിട്ട് അഞ്ചിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി- പട്ടിക വര്‍ഗ പിന്നാക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഭാഗ്യ ചിഹ്നം മീട്ടു മലയണ്ണാനും
മൂന്നാമത് സംസ്ഥാന എംആര്‍എസ് – ഹോസ്റ്റല്‍ കായിക മേള കളിക്കളത്തിന്റെ ഭാഗ്യ ചിഹ്നമായ മീട്ടു മലയണ്ണാന് മേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന മേളയുടെ മുക്കിലും മൂലയിലും മീട്ടുവിന്റെ നോട്ടമുണ്ടാകും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യങ്ങളോട് ഇണങ്ങുന്ന വിധത്തില്‍ അവരുടെ കായിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മലയണ്ണാനെ ഭാഗ്യ ചിഹ്നമായി തെരഞ്ഞെടുത്തതിന് പ്രേരണയായതെന്ന് വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി അറിയിച്ചു.