കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
രാവിലെ 11നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി. വേണു വായിച്ചു. തുടർന്ന് ഗവർണർ പുതിയ ചീഫ് ജസ്റ്റിസിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണറും മുഖ്യമന്ത്രിയും അദ്ദേഹത്തിനു പൂച്ചെണ്ടു നൽകി.
നിയമ വകുപ്പ് മന്ത്രി പി. രാജീവ്, തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജൻ, ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് നിർസാർ എസ്. ദേശായി, ജസ്റ്റിസ് ദേവൻ എം. ദേശായി, കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദർവേശ് സാഹെബ്, നിയമ സെക്രട്ടറി വി. ഹരി നായർ, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരൻ, ബിശ്വനാഥ് സിൻഹ, എ. ജയതിലക്, സംസ്ഥാന സർക്കാരിലെയും ഹൈക്കോടതിയിലേയും ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.