ഹരിതം ആരോഗ്യം ക്യാമ്പയിനിന്റെ ഭാഗമായി തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹരിതകര്‍മസേന അംഗങ്ങള്‍ക്കും ആരോഗ്യ പരിശോധന നടത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അമീന്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന സത്താര്‍ അധ്യക്ഷത വഹിച്ചു.
ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. 50 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ബി.എം.ഐ, ബി.പി, പ്രമേഹം എന്നിവയും വിവ ക്യാമ്പയിനിന്റെ ഭാഗമായി ഹിമോഗ്ലോബിന്‍ അളവും പരിശോധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ഐ സഗീറിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും ക്യാമ്പില്‍ ലഭ്യമാക്കി. സാംക്രമിക, ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും ക്ലാസും നടത്തി. വെള്ളമുണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീറ്റര്‍ എബ്രഹാം ക്ലാസ്സിന് നേതൃത്വം നല്‍കി. നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ പി.എ അസീസ്, പി.ജെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ പങ്കെടുത്തു.