കോതമംഗലം: ചെറുവട്ടൂര്‍ ഗവ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര അക്കാദമിക് നിലവാരത്തിലാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഏറ്റവും മികച്ച വിദ്യാഭ്യാസം താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ഹൈടെക് സ്കൂള്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇതിനായി ആദ്യഘട്ട ഫണ്ടായ 5 കോടി 39 ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇത് ഉപയോഗിച്ചാണ് ചെറുവട്ടൂര്‍ സ്കൂളില്‍ വിപുലമായ കെട്ടിട സൗകര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ ആന്റണി ജോണ്‍ പറഞ്ഞു.10 കോടി രൂപയുടെ ഹൈടെക് സ്കൂള്‍ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചെറുവട്ടൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലോകോത്തര നിലവാരത്തിലേക്കുയരുമെന്നും
ഇത് നാടിന് തന്നെ മുതല്‍കൂട്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ മികവിന്റെ കേന്ദ്രമായി കോതമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത ആദ്യത്തെ സ്കൂളാണ് ചെറുവട്ടൂര്‍ ജി എം എച്ച് എസ് സ്കൂള്‍.ഏഴേക്കര്‍ ഇരുപത്തിയഞ്ച് സെന്റ് സ്ഥലവിസ്തൃതിയുള്ള സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തോടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്.നിരവധി സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,സയന്റിഫിക് ലാബുകള്‍,ആംഫി തിയ്യേറ്റര്‍,കായിക മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കുന്നതിനുള്ള വിശാലമായ കളിക്കളം,പ്രകൃതിയ്ക്ക് കോട്ടം തട്ടാത്ത ഇക്കോ ഫ്രണ്ട്ലി ലാന്‍ഡ് സ്കേപ്പ് എന്നിവയെല്ലാമാണ് ഹൈടെക്ക് സ്കൂള്‍ പദ്ധതിയോടനുബന്ധിച്ച് വരാന്‍ പോകുന്ന അടിസ്ഥാന സൗകര്യങ്ങള്‍.ആദ്യഘട്ട നിര്‍മ്മാണം നടക്കുന്ന 4232 സ്ക്വയര്‍ ഫീറ്റിലുള്ള ഒന്നാം ബ്ലോക്കിലെ ഫ്ലോറില്‍ നാല് ഹൈടെക് ക്ലാസ്സ് റുമുകളും മികച്ച ഒരു ലബോറട്ടറിയുമാണ് സജ്ജമാക്കുന്നത്.ഇതിന്റെ മുകള്‍ നിലയില്‍ വരാന്‍ പോകുന്ന ഫ്ലോറിലും ഇതേ സ്ക്വയര്‍ ഫീറ്റില്‍ സമാന സൗകര്യങ്ങളായിരിക്കും ഒരുക്കുക.രണ്ടാം ബ്ലോക്കില്‍ 7530 സ്ക്വയര്‍ ഫീറ്റില്‍ 9 ക്ലാസ്സ് റൂമുകളും മൂന്നാം ബ്ലോക്കില്‍ 2381 സ്ക്വയര്‍ ഫീറ്റില്‍ നാല് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളുമാണുള്ളത്.ആദ്യ ഘട്ടത്തില്‍ 18375 സ്ക്വയര്‍ ഫീറ്റ് കെട്ടിട നിര്‍മ്മാണമാണ് നടക്കുന്നത്.ഇതിന്റെ ജോലികള്‍ 11 മാസക്കാലയളവിനുള്ളില്‍ സമയബന്ധിതമായി പൂര്‍ത്തീകരിയ്ക്കണമെന്ന കരാറിലാണ് നിര്‍മ്മാണ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ഹയര്‍ സെക്കന്ററി കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് പദ്ധതി രൂപരേഖയിലുള്ളത്.എല്ലാ ഫ്ലോറുകളും ടോയ്ലറ്റ് അറ്റാച്ച്ഡാണ്.3 ഘട്ടങ്ങളിലായി 10 കോടിയുടെ സ്കൂള്‍ വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ എല്‍ കെ ജി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്കൂള്‍ അമ്പതിനായിരത്തോളം സ്ക്വയര്‍ ഫീറ്റ് കെട്ടിട സമുച്ചയത്തില്‍ സമ്പൂര്‍ണ്ണമായി ഹൈടെക് സ്കൂള്‍ സംവിധാനത്തിലാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കി ഫ്ബി അംഗീകാരത്തോടെയാണ് പദ്ധതി നടത്തിപ്പ്.സംസ്ഥാനത്തെ വിദഗ്ദ സ്ഥാപനങ്ങളായ ഹാബിറ്റാറ്റ്,കിറ്റ്കോ,വാപ്കോസ് എന്നിവയുടെ സാങ്കേതികമായ മേല്‍നോട്ടത്തിലാണ് ഹൈടെക് സ്കൂളിന്റെ രൂപകല്‍പ്പന തയ്യാറാക്കിയത് മുതല്‍ വിവിധ ഘട്ട നിര്‍മ്മാണങ്ങള്‍ വരെ നടക്കുന്നത്.1956 ല്‍ സ്ഥാപിതമായ ചെറുവട്ടൂര്‍ സ്കൂള്‍ 60 വര്‍ഷം പിന്നിട്ട് വജ്രജൂബിലി നിറവിലെത്തി നില്‍ക്കുകയും ചരിത്രത്തിലാദ്യമായി ഇക്കുറി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിയതും ഹൈടെക് സ്കൂള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതും കൂടുതല്‍ മുന്നേറ്റത്തിലേയ്ക്ക് നയിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ പറഞ്ഞു.