പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ മേരി മാട്ടി മേരാ ദേശ്’ – ‘എന്റെ മണ്ണ് എന്റെ രാജ്യം’ കാമ്പയിനിന് തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ‘ ആസാദി കാ അമൃത് മഹോത്സവം’ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പയിന് 75 വൃക്ഷതൈകൾ നട്ടുകൊണ്ടുള്ള അമൃത് വാടിക നിർമ്മിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം കയർ ഭൂവസ്ത്രവും ജലാശയത്തിനരികിൽ ഒരുക്കിയിട്ടുണ്ട്. മണ്ണിനെ കയർ ഭൂവസ്ത്രം പുതപ്പിച്ച് വൃക്ഷതൈകൾ, പുൽവിത്തുകൾ നട്ടുകൊണ്ട് മണ്ണൊലിപ്പ് തടയുന്ന രീതിയാണിത്.
പത്തിനിപാറയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ജലാശയം അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കുകയും ചെക്ക്ഡാം നവീകരിക്കുകയും ചെയ്തിരുന്നു. ഈ ജലാശയത്തിന്റെ സമീപത്താണ് പഞ്ചായത്ത് അമൃത് വാടിക നിർമ്മിക്കുന്നത്.
അമൃത് സരോവർ പദ്ധതിയിൽ നിർമ്മിച്ചിട്ടുള്ള ജലാശയങ്ങൾ സ്ഥിതിചെയുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓർമയ്ക്കായി വാടികകൾ നിർമ്മിക്കും. നെടുങ്കണ്ടം ബ്ലോക്കിൽ അമൃത് സരോവർ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് പഞ്ചായത്തുകളിൽ ഒന്നാണ് പാമ്പാടുംപാറ.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിനി സന്തോഷ്, ജോസ് തെക്കേകൂറ്റ്, ആരിഫ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ വൃക്ഷതൈകൾ നട്ടു. നെടുങ്കണ്ടം ബി ഡി ഒ ഹേബി മാത്യു, ജോയിന്റ് ബി ഡി ഒ രാജേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണിയപ്പൻ സി, അസിസ്റ്റന്റ് സെക്രട്ടറി സിമി കെ സണ്ണി, മറ്റ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.