- ജില്ലാതല സ്‌ക്വാഡ് രൂപീകരിച്ചു
- സെപ്തംബര്‍ 5 വരെ സ്‌പെഷ്യല്‍ ഡ്രൈവ് തുടരും
ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എക്‌സൈസ്, പോലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്‌നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും. അതിര്‍ത്തികളിലെ കാനന വഴികളിലുടെയും ഊട് വഴികളിലുടേയും ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് കണ്ടെത്താന്‍ വനം വകുപ്പുമായി ചേര്‍ന്നുളള പരിശോധനയും എക്‌സൈസ് ആരംഭിച്ചു.
ഒഴിഞ്ഞ കെട്ടിടങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലും പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയും നിരീക്ഷണവുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രി കാലങ്ങളില്‍ മുഴുവന്‍ സമയ പരിശോധനയും നടത്തും. എക്‌സൈസിന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 5 വരെ തുടരും.
വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ജയകുമാറിന്റെ അധ്യക്ഷതയില്‍ കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.യു ബാലകൃഷ്ണന്‍, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനകീയ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം
വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും അറിയിക്കുന്നതിനായി ജില്ലാ എക്സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം. എക്‌സൈസ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കല്‍പ്പറ്റ – 04936 208230, 202219, മാനന്തവാടി – 04935 244923, 240012 , ബത്തേരി – 04936 227227, 248190, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി -04936 246180.
എഴ് മാസം 3272 കേസുകള്‍
ജനുവരി മുതല്‍ ജൂലൈ 31 വരെയുളള ഏഴ് മാസ കാലയളവില്‍ എക്‌സൈസ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 3272 കേസുകള്‍. 2839 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 31 സംയുക്ത പരിശോധനകളും ഇക്കാലയളവില്‍ നടത്തി. 64,771 വാഹനങ്ങളും പരിശോധിച്ചു. കളക്ട്രേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 421 അബ്കാരി കേസുകളും 22 എന്‍.ഡി.പി.എസ് കേസുകളും 2829 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കോട്പ കേസുകളില്‍ പിഴയായി 5,65,800 രൂപയും ഈടാക്കി. അബ്കാരി കേസില്‍ 313 പ്രതികളെയും, എന്‍.ഡി.പി.എസ് കേസുകളില്‍ 218 പ്രതികളെയും അറസ്റ്റ് ചെയ്തു.
തൊണ്ടി മുതലായി 1353.95 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 265.66 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 6.5 ലിറ്റര്‍ വ്യാജ മദ്യം, 75.4 ലിറ്റര്‍ ബിയര്‍, 24.75 ലിറ്റര്‍ അരിഷ്ടം, 2745 ലിറ്റര്‍ വാഷ്, 21 ലിറ്റര്‍ ചാരായം, 43.245 കി.ഗ്രാം കഞ്ചാവ്, 11 കഞ്ചാവ് ചെടികള്‍, 5.828 ഗ്രാം മെത്താംഫീറ്റാമിന്‍, 1126.661 ഗ്രാം എം.ഡി.എം.എ, 22.3 ഗ്രാം ഹാഷിഷ് ഓയില്‍ 0.119 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 7.705 ഗ്രാം ചരസ്സ്, 90 ഗ്രാം നൈട്രസപ്പാം ഗുളികകള്‍, 0.690 ഗ്രാം കൊക്കൈന്‍, 53.95 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ 646 പാക്കറ്റ് ഹാന്‍സ്, 40,00,000 രൂപയുടെ കുഴല്‍പ്പണം, 24,080 തൊണ്ടി മണി, 20 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഈ കാലയളവില്‍ വിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 527 കോളനികള്‍ സന്ദര്‍ശിക്കുകയും 1422 ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്തു. ജില്ലയിലെ മൂന്ന് താലൂക്കുകളിലും അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.