ഓണാശംസകൾ നേർന്ന്  വനിതാ ശിശുവികസന മന്ത്രി ശ്രീചിത്രാ ഹോമിലെത്തി


വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് വ്യാഴാഴ്ച തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും സന്തോഷത്തിൽ പങ്കുചേർന്നു. കുട്ടികളുടെ നിർബന്ധ പ്രകാരം മന്ത്രി ഊഞ്ഞാലാടുകയും ചെയ്തു. മാവേലി നാടുവാണിടും കാലം… പൂവിളി പൂവിളി പൊന്നോണമായി… തുടങ്ങിയ പാട്ടുകൾ കുട്ടികളും മന്ത്രിയും പാടി. കുട്ടികൾക്ക് ഓണാശംസകൾ നേരാൻ മന്ത്രി മറന്നില്ല.

ശ്രീചിത്രയിലെ എല്ലാ കുട്ടികൾക്കും ഓണക്കോടി നൽകാനായി കാനറ ബാങ്ക് നൽകിയ 95,000 രൂപ മന്ത്രി, ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്‌ക്രീം ഉൾപ്പെടെ സ്വീറ്റ്സും വനിത വികസന കോർപറേഷൻ നൽകിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.