കുടുംബശ്രീ ജില്ലാ മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പോഷന്‍ 2023 പോഷകഹാര മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. മാസാചരണത്തിന്റെയും എഫ്.എന്‍.എച്ച്. ഡബ്ല്യു ക്യാമ്പെയിനിന്റെയും ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത മുഖ്യാതിഥിയായി.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. പ്രീത പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ കുടുംബശ്രീ മിഷന്റെ സ്നേഹിത ക്യാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പോഷകാഹാരവും ജീവിത ശൈലീ രോഗങ്ങളും എന്ന വിഷയത്തില്‍ ഡോ.വി.പി ആരിഫ ക്ലാസ്സെടുത്തു. പോഷന്‍ 2023 പോഷകഹാര മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. കുടുംബശ്രീ മിഷന്‍ ജില്ലയില്‍ 27 സി ഡി എസ്സുകളിലായി ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കും. സമൂഹത്തിന്റെ താഴെ തട്ടിലേക്ക് പോഷക ആഹാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ബോധവല്‍കരികുന്നതിനും ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പോഷന്‍ 2023 ലക്ഷ്യമിടുന്നു. പോഷകാഹാര മാസാചരണം സെപ്റ്റംബര്‍ 30 ന് സമാപിക്കും.

ജില്ലാ ആയുര്‍വേദ ആശുപത്രി ഡി.എം.ഒ ഡോ.സാജന്‍, കുടുംബശ്രീ മിഷന്‍ അസി. ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ റെജീന, കുടുംബശ്രീ എ.ഡി.എം.സി കെ എം സെലീന നഗരസഭ സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ എ.വി ദീപ, കുടുംബശ്രീ മിഷന്‍ ഡി.പി.എം ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രതിനിധികള്‍, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥര്‍, എസ്ടി അനിമേറ്റര്‍മാര്‍, സ്നേഹിതാ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴ്സന്മാര്‍, സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.