കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണ്ണയം നടത്തുന്നതിനായി ജില്ലയില്‍ ബാലമിത്ര 2.0 ക്യാമ്പയിന്‍ നടത്തുന്നു. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് ബാലമിത്ര ക്യാമ്പയിന്‍ ജില്ലയില്‍ നടക്കുക. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

അങ്കണവാടി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികളെയാണ് ബാലമിത്ര ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും സ്‌കൂളില്‍ നിന്നും നിയമിച്ച നോഡല്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗത്തെക്കുറിച്ചും ബാലമിത്ര പരിപാടിയെക്കുറിച്ചുമുളള ബോധവത്ക്കരണ പരിശീലന ക്ലാസുകള്‍ നല്‍കും. നോഡല്‍ അധ്യാപകര്‍ക്ക് പഞ്ചായത്ത്,കുടുംബാരോഗ്യകേന്ദ്ര തലത്തില്‍ പരിശീലനം നല്‍കുകയും നോഡല്‍ അധ്യാപകര്‍ അതത് സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുകയും ചെയ്യും.

അധ്യാപകര്‍ കുട്ടികള്‍ക്ക് ബാലമിത്ര പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും കുട്ടികള്‍ വീടുകളില്‍ പോയി രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍ ശരീരത്തില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും വേണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ ലിസ്റ്റ് അധ്യാപകര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ഓഫീസര്‍മാര്‍ തുടര്‍ പരിശോധനകള്‍ക്ക് വിധേയമാക്കി രോഗനിര്‍ണ്ണയും നടത്തും. വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠം. ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന രോഗാണുക്കള്‍ വഴിയാണ് രോഗം പകരുന്നത്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നിറം മങ്ങിയതോ, ചുവന്ന് തടിച്ചതോ സ്പര്‍ശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം.

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണ്ണയത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനസമിതിയോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ്, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ സാവന്‍ സാറാമാത്യു എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും പങ്കെടുത്തു.