പേവിഷബാധയുടെ ശാസ്ത്രീയവശം പങ്കുവച്ച് സെമിനാര്‍
പേവിഷബാധയെക്കുറിച്ചുള്ള സംശയനിവാരണം, തെറ്റിദ്ധാരണകള്‍ക്കെതിരെ ബോധവത്കരണം എന്നിവ ലക്ഷ്യമാക്കി മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും എസ് എന്‍ വനിതാകോളജില്‍ നടത്തിയ സെമിനാര്‍ വേറിട്ട അറിവുകള്‍ പകര്‍ന്നു. പേവിഷമേറ്റാല്‍ നാരങ്ങയും കുമ്പളങ്ങയും കഴിക്കാം, വിഷബാധയുമായി കോഴിയിറച്ചിക്ക് ബന്ധമില്ല, നായുടെ കടിയേറ്റ പശുവിന്റെ പാല്‍ തിളപ്പിച്ച് ഉപയോഗിക്കാം, 24 മണിക്കുറിനപ്പുറം പേവിഷ വൈറസിന് സൂര്യപ്രകാശത്തില്‍ ജീവിക്കാന്‍ കഴിയില്ല, കരിപ്പോട്ടി വെള്ളവും കോഴിയിറച്ചിയും പേവിഷത്തെ ഉത്തേജിപ്പിക്കുന്നതല്ല തുടങ്ങിയ അവശ്യവിവരങ്ങളാണ് വിദഗ്ധരിലൂടെ കൈമാറ്റംചെയ്യപ്പെട്ടത്.
നായ കടിയിലൂടെയാണ് 90 ശതമാനവും പേവിഷബാധയേല്ക്കുന്നത്; പൂച്ചകളും കീരിയും സമാനരീതിയില്‍ പടര്‍ത്തുന്നു. കടിയേറ്റാല്‍ പേവിഷമേല്ക്കാനുള്ള സാധ്യത ഒന്‍പത് ദിവസം മുതല്‍ ഒന്‍പത് വര്‍ഷം വരെയാണ്. 100 ശതമാനം കൃത്യതയോടെ മൃഗങ്ങളിലെ പേവിഷ വൈറസിനെ തിരിച്ചറിയാനുള്ള ആന്റിബോഡി പരിശോധന കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുണ്ട് എന്ന വിവരവും സെമിനാര്‍ കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ അശ്വതി സുഗുണന്‍, എസ് പി സി എ വൈസ് പ്രസിഡന്റ് സി ജനാര്‍ദനന്‍ പിള്ള, സെക്രട്ടറി ബി അരവിന്ദ്, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍, പ്രൊഫ എസ് ശേഖരന്‍, എന്‍ എസ് എസ് പ്രോഗാം ഓഫീസര്‍ ഡി ദേവിപ്രിയ, കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ശ്രീലക്ഷ്മി പ്രകാശം, ജി സത്യരാജ്, ആര്‍ ഗീതാ റാണി, സോന ജി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.