പ്രളയകാലത്ത് വിഭാഗീയതകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുപോലെ പ്രളയത്തില്‍ നഷ്ടമായതെല്ലാം തിരികെപിടിക്കുന്നതിലും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പുറമറ്റം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എല്ലാവരും എത്തിച്ചേരുന്ന പൊതുസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് എത്തണമെങ്കില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കണം. പൊതുപ്രവര്‍ത്തകരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതില്‍ മുന്നിട്ടിറങ്ങി സമൂഹത്തിന് മാതൃകയാകണം. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഒരുപോലെ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നയം. അടുത്ത വര്‍ഷം മധ്യവേനല്‍ അവധിക്ക് കുട്ടികള്‍ പോകുമ്പോള്‍ തന്നെ തുടര്‍വര്‍ഷത്തെ പുസ്തങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഴയ കേരളത്തെ പുനര്‍നിര്‍മിക്കുകയല്ല പുതിയ കേരളത്തെ നിര്‍മിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡ് ഫണ്ടില്‍ നിന്നും അനുവദിച്ച 98.40 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് പുതിയ കെട്ടിടം. ഓഫീസ് മുറി ഉള്‍പ്പെടെ അഞ്ച് മുറികളുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. മൂന്ന് നില കെട്ടിടമാണ് സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായവും ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ അഞ്ച് ക്ലാസ് മുറികളില്‍ രണ്ടെണ്ണം കഴിഞ്ഞ വര്‍ഷം മെയ് 30ന് തകര്‍ന്നിരുന്നു. ശോചനീയമായ മൂന്ന് മുറികളും നീക്കം ചെയ്ത് ഇതേ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ്, പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു പുളിമൂട്ടില്‍, പത്തനംതിട്ട ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എസ്. സുധ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് സുധീര്‍, ഹെഡ്മിസ്ട്രസ് ലാലി എസ്.ഖാന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് പ്രസാദ്, ജോളി ജോണ്‍, ഈപ്പന്‍ പോള്‍, ശോശാമ്മ ജോസഫ്, ആശാ ജയപാലന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷിജു പി. കുരുവിള, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബോബന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.