എപ്പിഡ്യൂറല്‍ പമ്പ് വഴി വേദനസംഹാരികള്‍ നല്‍കി 12 കിലോയുള്ള മുഴ നീക്കം ചെയ്തു
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ നടന്നു. ചെറുകോല്‍ സ്വദേശിനിയായ രോഗിയുടെ വയറ്റില്‍ നിന്നും 12 കിലോയോളം തൂക്കം വരുന്ന മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഓപ്പറേഷനെ തുടര്‍ന്നുള്ള ദിവസങ്ങള്‍ പൂര്‍ണമായും വേദനരഹിതമായിരിക്കാന്‍ ആധുനിക സംവിധാനമായ എപ്പിഡ്യൂറല്‍ പമ്പ് വഴി വേദനസംഹാരികള്‍ നല്‍കിയാണ് മുഴ പുറത്തെടുത്തത്. ക്രമാതീതമായി വയര്‍ വീര്‍ത്തുവരുന്നതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ട 50കാരിയായ വീട്ടമ്മ സ്ഥലത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ യൂണിറ്റിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശസ്ത്രക്രിയ അല്‍പ്പം വൈകുമെന്ന് അറിയിച്ചതിനെതുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ രോഗിയുടെ ഓപ്പറേഷന്‍ അടിയന്തരമായി നടത്തുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗി ആശുപത്രി വിട്ടു.
ഡോ.ജി.ബിനു, ഡോ.സതീഷ് ജേക്കബ് എന്നീ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ സ്റ്റാഫ് നഴ്‌സുമാരായ അംബിക, സിന്ധു എന്നിവരും പങ്കെടുത്തു. സീനിയര്‍ അനസ്തറ്റിസ്റ്റ് ഡോ.വാസുദേവന്‍ നമ്പൂതിരി, ഡോ.ധന്യ, ഡോ.വിനോദ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അനസ്‌തേഷ്യ നല്‍കിയത്.
വിദഗ്ദ്ധ പരിശീലനം നേടിയ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ ആധുനിക താക്കോല്‍ദ്വാര ശസ്ത്രകിയാസംവിധാനം സജ്ജമായിട്ടുണ്ട്.പൈല്‍സിനുള്ള വേദനരഹിത ശസ്ത്രക്രിയയായ സ്റ്റാപ്ലര്‍ സര്‍ജറിയും ഇവിടെ നടക്കുന്നുണ്ട്.