പാലക്കാട്: ഒരു കോടി രൂപ ചെലവഴിച്ച് മലമ്പുഴ ഉദ്യാനത്തിലെ താമരക്കുളം വൃത്തിയാക്കി കൈവരി സ്ഥാപിക്കല്‍, കുട്ടികളുടെ പാര്‍ക്കില്‍ ലൈറ്റ് സ്ഥാപിക്കല്‍, കുടിവെള്ള സംവിധാനമൊരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി പദ്ധതിയില്‍ മലമ്പുഴ ഉദ്യാനത്തിലും റോക്ക് ഗാര്‍ഡനിലും നടക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഈ തീരുമാനം. കുട്ടികളുടെ കേടായ കളിയുപകരണങ്ങള്‍ നന്നാക്കി പെയിന്റ് ചെയ്യുക, ഉദ്യാനത്തിന് മുന്‍വശം മുതല്‍ റോപ്പ് വേ ഭാഗത്തുള്ള മതില് പെയിന്റ് ചെയ്യുക, ഉദ്യാനത്തിന്റെ പ്രധാന കവാടം അറ്റകുറ്റപ്പണികള്‍ പണി പൂര്‍ത്തിയാക്കി ഭംഗിയാക്കുക, വേസ്റ്റ് ബിന്‍, സൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുക, എന്നിവയും പുതുവര്‍ഷത്തിനു മുന്നോടിയായി പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
97 ലക്ഷം ചെലവഴിച്ച് മലമ്പുഴ ഉദ്യാനത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ടൈല്‍സ് വിരിച്ച് മനോഹരമാക്കുന്നതും ഉദ്യാനത്തിന് പുറത്ത് ടോയ്ലറ്റ്, കഫ്റ്റേരിയ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന് സ്ത്രീകളുടെ വിശ്രമമുറി, ശില്‍പ്പങ്ങളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയും ഉടന്‍ തന്നെ പൂര്‍ത്തിയാക്കും.
യോഗത്തില്‍ മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് അധ്യക്ഷയായി. വി.എസ്.അച്യുതാന്ദന് എം.എല്‍.എയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്‍.അനില്‍കുമാര്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര് സന്തോഷ് ലാല്‍, സെക്രട്ടറി കെ.ജി.അജേഷ്. പ്രൊജക്ട് എഞ്ചിനീയര്‍ രാജേഷ് ടി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എച്ച്.സിന്ധു, ലാപ്കോസ് സൈറ്റ് എഞ്ചിനീയര്‍ രാജന്.കെ.പോള്‍ , പി.ശശിധരന്, എസ്.സുഷാന്ത്, ബി.അസറുദീന്‍ എന്നിവര്‍ സംസാരിച്ചു.
