ചെറുകര ആദിവാസി കോളനിയില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി
റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന പുഴുക്കലരിയിലെ വെളുത്ത നിറത്തിലെ വസ്തു വിവിധ വിറ്റാമിനുകളുടെ സംയുക്തമാണെന്നും ഇത് ഭക്ഷ്യയോഗ്യമാണെന്നും സംസ്ഥാന ഫുഡ് കമ്മീഷന്‍ സബിതാ ബീഗം പറഞ്ഞു. അരിയുടെ അതേ ആകൃതിയില്‍ ആണ് ഇവ കാണപ്പെടുന്നത്. തെറ്റിദ്ധാരണ മൂലം പാചകത്തിന് ഗുണനിലവാരം ഇല്ലാത്തതെന്ന് കരുതി പലരും ഇത് ഒഴിവാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
കുളത്തൂപ്പുഴ ചെറുകര ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി പ്രദേശ വാസികളുമായി സംവദിക്കവെയാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ കോളനി വാസികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തും. എസ് ടി പ്രമോട്ടറും കുടുംബശ്രീ പ്രവര്‍ത്തകരും അയല്‍ക്കൂട്ടങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ഊര് മൂപ്പന്മാര്‍, കോളനി നിവാസികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുകയും സമീപത്തെ അംഗന്‍വാടി സന്ദര്‍ശിക്കുകയും ചെയ്തു. ആദിവാസികളുടെ വീടുകളിലും ജോലി സ്ഥലത്തും നേരിട്ട് എത്തി പരാതികള്‍ കേട്ടു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ചെറുകര, പെരുവഴിക്കാല കോളനികള്‍ ഒറ്റപ്പെട്ട് കിടക്കുന്നതിനാല്‍ റേഷന്‍ കടകളില്‍ എത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നതായി ഊര് മൂപ്പന്മാരും കോളനി നിവാസികളും അറിയിച്ചു. ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഒരു സഞ്ചരിക്കുന്ന റേഷന്‍ കട പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനെ അറിയിച്ചു തീരുമാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ കമ്മീഷന്‍ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ സി വി മോഹനകുമാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ വിധു കുമാരി, കൊല്ലം വിദ്യാഭ്യാസ നൂണ്‍ ഫീഡിങ് ഓഫീസര്‍ സെയ്ഫുദീന്‍, ജില്ലാ ശിശുക്ഷേമ വകുപ്പ് മേധാവി നിഷാ നായര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ വിമല്‍ എന്നിവര്‍ സന്നിഹിതരായി