കണ്ണൂര്‍: സ്കൂളിന്റെ പെരുമയും അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ കൂട്ടായ്മയുടെ വിജയവും വിളിച്ചോതി പെരിങ്ങാനം ഗവ: എല്‍ പി സ്കൂളില്‍ ‘നേര്‍ക്കാഴ്ച 2018’ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്കൂള്‍ കൈവരിച്ച അക്കാദമിക് മികവുകളുടെയും വിദ്യാലയ വികസനത്തിന്റെയും പുരോഗതി ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് ഉദ്ഘാടനം ചെയ്തു. രക്ഷകര്‍തൃ സമൂഹത്തിന്റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠനോപകരണങ്ങളും പുരാവസ്തുക്കളുള്പ്പെടെയുള്ളവയും പ്രദര്‍ശനത്തിന്റെ ഭാഗമായി
ഈ വര്‍ഷം സ്കൂളില്‍ വിവിധ പരിപാടികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ബാഡ്ജുകള്‍, ഓല കൊണ്ട് നിര്‍മിച്ച പലതരം കളിപ്പാട്ടങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍, വിളക്കുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കുട്ടികളുടെ കരവിരുതില്‍ വിരിഞ്ഞ നിരവധി കരകൗശല വസ്തുക്കളും പ്രദര്‍ശനത്തില്‍ നിരന്നു. ഹരിതവിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തുണിസഞ്ചി വിതരണം പ്രധാനാധ്യാപകന് എ മൊയ്തീന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
40 ഓളം വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2017-18 അധ്യായന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് പി ടി എ സംസ്ഥാന അവാര്‍ഡും മികച്ച പി ടി എയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഇരിട്ടി ഉപജില്ലാതല അവാര്‍ഡും പി ടി എ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ മികച്ച എല്‍ പി സ്കൂള്‍ അധ്യാപകനുള്ള കെ എസ് പി ടി എ സംസ്ഥാന അവാര്‍ഡ് സ്കൂളിലെ പ്രധാനധ്യാപകനായ എ മൊയ്തീന് മാസ്റ്റര്‍ക്കാണ് ലഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആത്മാര്‍ത്ഥമായ സഹകരണമാണ് സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ചത്.
പുരസ്കാരങ്ങള്‍ ലഭിച്ചവരെയും സംസ്ഥാന സഹോദയ കായിക മേളയില്‍ 3,000 മീറ്റര്‍ നടത്തത്തില്‍ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി അക്ഷയ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ പ്രധാനാധ്യാപിക എന്‍ കെ സുകുമാരി ടീച്ചര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണവും എസ് സി ഇ ആര് ടി ഡോക്യുമെന്റ് ചെയ്ത വിദ്യാലയ മികവുകളുടെ സി ഡി പ്രകാശനവും നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഷൈമ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീധരന്, പി കെ രാജന്, എ ഇ ഒ വിജയലക്ഷ്മി പാലക്കുഴ, പി ടി എ പ്രതിനിധികള്‍, അധ്യാപകര്‍, വിവധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി കെ ശ്രീധരനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഡയറ്റിലെ എം മധുസൂധനന് മുഖ്യപ്രഭാഷണം നടത്തി.
ചിത്രങ്ങള്‍ കാണാം:






