* സെന്‍ട്രല്‍ പോളി ടെക്നിക് കോളേജിലെ അക്കാദമിക് ബ്ളോക്ക് നിര്‍മാണത്തിന് തുടക്കമായി
ഗുമസ്തനാകനല്ല, പ്രൊഫഷണലാകാന്‍ കഴിയുംവിധം അക്കാദമികസൗകര്യം ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്കാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു. വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്നിക് കോളേജിലെ അക്കാദമിക് ബ്ളോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരു ന്നു അദ്ദേഹം.
ഗുമസ്തന്മാരെ വാര്‍ത്തെടുക്കാനുള്ളതല്ല വിദ്യാഭ്യാസം. പുതിയ തലമുറയില്‍പ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പോളി ടെക്നിക്, ഐ.ടി.ഐ, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തില്‍ മാറ്റം ഉണ്ടാക്കാനാകും. ഇപ്പോള്‍ കോളേജുകളിലും പുറത്തും എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. ഇതുപയോഗപ്പെടുത്തി പ്രൊഫഷണലിസം വളര്‍ത്താനാകണം. ഉത്പാദനപരവും സര്‍ഗാത്മകവുമായിരിക്കണം ചെയ്യുന്ന ജോലി. ഏതു മേഖലയില്‍ വിദ്യാഭ്യാസം നേടിയാലും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കാനാകണം.

ദുരന്തങ്ങള്‍ അതിജീവിക്കാന്‍ പറ്റുന്നവിധം പ്രൊഫഷണല്‍ വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കണം. പ്രകൃതിയേയും പരിസ്ഥിതിയേയും പഠിച്ചുള്ള നിര്‍മാണങ്ങള്‍ പഠനസമ്പ്രദായത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് നേടുന്നതിനൊപ്പം പ്രാവീണ്യം നേടാനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. അക്കാദമികനിലവാരം ഉയര്‍ത്താനായി ഭൗതിക സൗകര്യവും ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനൊപ്പം ജോലി കൂടി ചെയ്യാനാകുന്ന ‘ലേണ്‍ ആന്റ് ഏണ്’ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രളയദുരന്തത്തില്‍ സഹായഹസ്തവുമായി എത്തിയ കോളേജ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചടങ്ങില്‍ മന്ത്രിമാര്‍ ആദരിച്ചു.

ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ ഇ.കെ. ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ കെ.എന്‍. ശശികുമാര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ജോയന്റ് ഡയറക്ടര്‍ ഷംസുദ്ദീന്, സെന്‍ട്രല്‍ പോളി ടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ബിന്ദു വാസുദേവന്‍, കൗണ്‍സിലര്‍മാരായ പി. രാജിമോള്‍, എസ്. ഹരിശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സെന്‍ട്രല്‍ പോളി ടെക്നിക്കിലെ സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ക്കായാണ് 3656 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അഞ്ചുനില കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. 18 മാസമാണ് നിര്‍മാണ കാലാവധി.
ആദ്യഘട്ടമായി രണ്ടുനില പൂര്‍ത്തിയാക്കും. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സിവില്‍ വിഭാഗം മേധാവിക്കുള്ള മുറിയും, രണ്ട് ക്ലാസ് മുറികളും, ഇലക്ട്രിക്കല്‍ ലാബ്, സ്റ്റാഫ് റൂം എന്നിവയുമുണ്ടാകും. ഒന്നാംനിലയില്‍ ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയുടെ മുറി, രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, ല്രൈബറി, സ്റ്റാഫ് റൂം, സെര്‍വര്‍ റൂം എന്നിവയും സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും അംഗപരിമിതര്‍ക്കും പ്രത്യേക ശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് ആര്‍കിടെക്ചറല്‍ വിഭാഗവും, സ്ട്രക്ചറല്‍ രൂപകല്പന പൊതുമരാമത്ത് ഡിസൈന്‍ വിഭാഗവുമാണ് തയാറാക്കിയിട്ടുള്ളത്. 4,07,18,360 ആണ് അടങ്കല്‍ തുക.