ജൈവമാലിന്യ സംസ്‌കരണത്തില്‍ ശാസ്ത്രീയമായ പന്നി, കോഴി വളര്‍ത്തല്‍ മേഖലകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് ഗ്രീന്‍ പിഗ്‌സ് ആന്‍ഡ് എഗ്‌സ് ഫെസ്റ്റ് നടത്തുന്നു. കേരള കന്നുകാലി വികസന ബോര്‍ഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍, വിവിധ എഗ്ഗര്‍ നഴ്‌സറികള്‍, മറ്റ് സ്വകാര്യസംരംഭകര്‍ എന്നിവരുടെ സഹകരണത്തോടെ ഒക്ടോബര്‍ 12, 13, 14 തീയതികളിലാണ് ഫെസ്റ്റ്.
മാലിന്യ സംസ്‌കരണം, ശുദ്ധമായ മാംസ-മുട്ട ഉല്‍പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരും കര്‍ഷക പ്രതിനിധികളും പങ്കെടുക്കുന്ന ശില്‍പശാല, പന്നി-കോഴി വളര്‍ത്തല്‍ മേഖലയിലെ ആധുനിക ഉപകരണങ്ങള്‍, വ്യത്യസ്ത ജനുസ്സില്‍പ്പെട്ട പക്ഷി, പന്നിവര്‍ഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിയുടെ പ്രദര്‍ശനം, വില്‍പന തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാവും. പരിപാടി ഒക്ടോബര്‍ 12നു രാവിലെ 10ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ ഉദ്ഘാടനം ചെയ്യും. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മീര മോഹന്‍ദാസ്, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും.