കേരളക്കരയാകെ ഭീതിജനിപ്പിച്ച് നിരവധി ജീവനെടുത്ത് കടന്നുപോയ നിപ വൈറസും, ശേഷമുണ്ടായ മഹാപ്രളയവും പ്രൗഢി കുറച്ചെങ്കിലും തിരിച്ചു വരവിനൊരുങ്ങുകയാണ് വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടി പഴശ്ശി പാര്‍ക്ക്. വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ കിടന്നിരുന്ന പാര്‍ക്കില്‍ സംസ്ഥാന ടുറിസം വകുപ്പും നിര്‍മ്മിതി കേന്ദ്രയും കൈ കോര്‍ത്താണ് നവീകരണം ആരംഭിക്കുന്നത്. വവ്വാലുകളാലും പക്ഷി മൃഗാദികളാലും സമ്പന്നമായ പഴശ്ശി പാര്‍ക്ക് സാമൂഹ്യ വനവല്‍ക്കരണ വിഭാഗമാണ് നിര്‍മ്മിച്ചത്. തുടര്‍ന്ന് 1994-ലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് പാര്‍ക്ക് കൈമാറുന്നത്.
കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംഗ് സൗകര്യങ്ങള്‍, നിരവധി മരങ്ങള്‍, മുളകള്‍, ശാന്തമായ അന്തരീക്ഷം എല്ലാംകൊണ്ടും സമ്പന്നമായ ഇവിടം പ്രതിദിനം ശരാശരി ആയിരത്തിലധികം പേര്‍ സന്ദര്‍ശിച്ചിരുന്നു. അവധി ദിവസങ്ങളില്‍ ഇത് ഇരട്ടിയാകാറുമുണ്ട്. കുട്ടികളുടെ പാര്‍ക്ക് സംവിധാനം അവധി ദിവസങ്ങള്‍ മാതാപിതാക്കളോടൊപ്പം അവരെ പാര്‍ക്കിലെത്തിച്ചു. അവധിദിനങ്ങളിലെ ഇരട്ടിയിലധികം ആളുകളുടെ സന്ദര്‍ശനം ഡി.ടി.പി.സിക്ക് നല്ലൊരു തുക വരുമാനമായി ലഭിക്കാനും കാരണമായി. പതുക്കെ നാശത്തിന്റെ വക്കിലെത്തിയ പാര്‍ക്ക് 2014-ല്‍ പൂര്‍ണ്ണമായി അടച്ചുപൂട്ടി. പാര്‍ക്കിന്റ പുനരുദ്ധാരണത്തിനായി പല പദ്ധതികളും തദ്ദേശസ്വയംഭരണ വകുപ്പുകളും ഡി.ടി.പി.സിയും കൊണ്ടുവന്നെങ്കിലും അതൊന്നും നടപ്പായില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മുഖംമാറ്റിയെടുക്കുമ്പോള്‍ പഴശ്ശി പാര്‍ക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
നവീകരണത്തിന്റെ ഭാഗമായി പെഡല്‍ ബോട്ടുകള്‍, റോ വിംഗ് ബോട്ടുകള്‍ തുടങ്ങിയവ പൂക്കോട് നിന്നും എത്തികഴിഞ്ഞു. ആവശ്യമായ ലൈഫ് ജാക്കറ്റുകളും പാര്‍ക്കില്‍ എത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ചെലവഴിച്ച് ഇന്റര്‍ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട്, കോഫീ ഷോപ്പ്, ടിക്കറ്റ് കൗണ്ടര്‍, ഓഫീസ് ബില്‍ഡിംഗ് തുടങ്ങിയവ നിര്‍മ്മിക്കും. നിര്‍മ്മിതി കേന്ദ്രയുടെ 33 ലക്ഷം രൂപ ഉപയോഗിച്ച് കുട്ടികളുടെ പാര്‍ക്ക്, കുട്ടികള്‍ക്ക് കളിക്കാനായുള്ള ഉപകരണങ്ങള്‍, ബോട്ട് ജെട്ടി നവീകരണം, പാര്‍ക്ക് മനോഹരമാക്കുന്നതിനുള്ള ലാന്‍ഡ് സെക്കെയ്പ്പ്, പുന്തോട്ടം എന്നിവയും ഒരുക്കും. ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ള അഞ്ചുകോടി രൂപയില്‍ ആദ്യഘട്ടമായി ലഭിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പാര്‍ക്ക് മുഴുവന്‍ ദീപാലംകൃതമാക്കാനും തീരുമാനമുണ്ട്. ഇതോടെ രാത്രി 10 മണി വരെ വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കില്‍ പ്രവേശനമനുവദിക്കാനാകും. ഇതു രാത്രി നഗരത്തിലെത്തുന്നവര്‍ക്കും ഉപകാരപ്രദമാണെന്നാണ് അഭിപ്രായം. കേന്ദ്ര ഏജന്‍സിയായ വാപ്‌കോസ് ആണ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. നാല് ഡി.ടി.പി.സി ജീവനക്കാരും മൂന്ന് താത്ക്കാലിക ജീവനക്കാരുമാണ് പാര്‍ക്കില്‍ നിലവില്‍ ജോലിചെയ്യുന്നത്. പ്രവര്‍ത്തികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നതുകൊണ്ട് നവംമ്പര്‍ ആദ്യവാരത്തോടെ നവീകരിച്ച പാര്‍ക്കില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സാധിക്കുമെന്നാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലക്കു ബദലായി ടൂറിസം മേഖലയെ വളര്‍ത്തിയെടുക്കുക എന്ന സര്‍ക്കാര്‍ നയപരിപാടികളുടെ ഭാഗമായാണ് നവീകരണം പൂര്‍ത്തിയാക്കി പഴശ്ശി പാര്‍ക്ക് വീണ്ടും സഞ്ചാരികള്‍ക്കായി തുറക്കുന്നത്.
