*കുറ്റവാളികളില്ലാത്ത കേരളം- ശില്പശാല ഉദ്ഘാടനം ചെയ്തു
സമൂഹം പുരോഗതിയിലേക്കു നീങ്ങുമ്പോള്‍ പ്രാകൃതമായ ആചാരങ്ങള്‍ ഉപേക്ഷിക്കണമെന്ന് സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പരിഷ്‌കരണങ്ങള്‍ അനിവാര്യമണ്. സമൂഹത്തെ ശാസ്ത്രീയമായും അന്തസ്സുറ്റതായും പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കുറ്റവാളികളില്ലാത്ത കേരളം ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറ്റവാളികളുടെ എണ്ണം കുറയ്ക്കാന്‍  സാമൂഹിക നീതി, ജയില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ആധുനിക രൂപരേഖ തയ്യാറാക്കണം. പ്രൊബേഷന്‍ അഥവാ നല്ല നടപ്പ് ജാമ്യം ഏറ്റവും ശാസ്ത്രീയമായി  നടപ്പാക്കണം. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. നിരന്തരവും കൂട്ടായതുമായ ഇടപെടലുകളിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാവും. ഇരയുടെ കുടുംബം പരിഗണിക്കപ്പെടുന്നതുപോലെ കുറ്റവാളികളുടെ കുടുംബവും പരിഗണിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, സംസ്ഥാന ജയില്‍ മേധാവി ആര്‍ ശ്രീലേഖ, ജില്ലാ ജഡ്ജി കെ. സത്യന്‍, സംസ്ഥാന പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളായ അഡ്വ. എ. ഷാനവാസ് ഖാന്‍, പ്രൊഫ. ജേക്കബ് ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ സംബന്ധിച്ചു