നമ്ത്ത് തീവനഗ ചെറുധാന്യ സന്ദേശ യാത്ര സമാപിച്ചു

അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും ആഹാരശീലം എന്ന നിലയില്‍ അട്ടപ്പാടിയിലെ ആളുകളിലേക്ക് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനതല ‘നമ്ത്ത് തീവനഗ’ ചെറുധാന്യ സന്ദേശ യാത്രയുടെ സമാപനം പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പറഞ്ഞു. ജീവിത ശൈലിയുടെ ഭാഗമായി വന്ന ഭക്ഷണ മാറ്റങ്ങള്‍ സംഭവിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ജനങ്ങളെ ചെറുധാന്യങ്ങളുടെ ഗുണഗണങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കി ചെറുധാന്യങ്ങള്‍ ശീലമാക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറ്റവും നല്ല കുടുംബശ്രീ സംരംഭങ്ങള്‍ ഉണ്ടായി വരണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് കിയോസ്‌ക് ആലോചനയില്‍: ജില്ലാ കലക്ടര്‍

പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും വില്‍പ്പനക്കായി കിയോസ്‌കും കഫേയും ആരംഭിക്കുന്നതിന് ആലോചിക്കാമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഡി.എം.സി പ്രൊപ്പോസല്‍ നല്‍കിയാല്‍ ഇതുമായി ബന്ധപ്പെട്ട് നടപടി ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അട്ടപ്പാടിയിലെ ചെറുധാന്യങ്ങളും മൂല്യവര്‍ധിത ഉത്പന്നങ്ങളും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്താന്‍ കഴിയട്ടെയെന്നും ഉത്പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമായ തനത് ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഉത്പന്നങ്ങളുടെ വിപണനം ഉയര്‍ത്താനും എല്ലാ ജില്ലകളിലും ചെറുധാന്യ കൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമാക്കി 14 ജില്ലകളിലായി നടത്തിയ സംസ്ഥാനതല ചെറുധാന്യ ഉത്പന്ന പ്രദര്‍ശന വിപണന ബോധവത്ക്കരണ യാത്രയാണ് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയത്. ചെറുധാന്യ സന്ദേശയാത്രയില്‍ പങ്കെടുത്ത അട്ടപ്പാടി കുടുംബശ്രീ അംഗങ്ങളെ പരിപാടിയില്‍ ആദരിച്ചു. ചെറുധാന്യകൃഷിയും മൂല്യവര്‍ധനവും, സ്ത്രീയും പോഷകാഹാരവും ആര്‍ത്തവശുചിത്വവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
റാഗി, ചാമ, വരഗ്, പനിവരഗ്, കുതിരവാലി, തിന, കമ്പ്, അരിച്ചോളം, മക്കച്ചോളം, കരനെല്ല്, മുള നെല്ല്, മലച്ചാമ, മണിച്ചോളം, പൊരിച്ചീര, സൂര്യകാന്തി, എള്ള്, കടുക്, വെള്ളമര, ചെറുപയര്‍, മുതിര, താജ്മ, അമര, പയര്‍, ബീന്‍സ് തുടങ്ങി 32 ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും അട്ടപ്പാടി ചുക്കുകാപ്പി, കപ്പ്-തിന പായസം, റാഗി-ചാമ പഴംപൊരി, വനസുന്ദരി ഹെര്‍ബല്‍ ചിക്കന്‍ തുടങ്ങി വിവിധ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വിപണവും നടന്നു.
പരിപാടിയില്‍ പാലക്കാട് നോര്‍ത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുഖ്യാതിഥിയായി. സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, കുടുംബശ്രീ സംസ്ഥാനമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ബി.എസ് മനോജ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ലക്ഷ്മി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.