കൊച്ചി: പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പാറക്കടവ് പ്രദേശത്തിന്റെ പുനസൃഷ്ടിക്കായി രൂപീകരിച്ച ”സപ്പോര്‍ട്ട് പാറക്കടവ്” എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ 106 കുടുംബങ്ങള്‍ക്ക് സൗജന്യമായി കിടക്കയും തലയിണയും വിതരണം ചെയ്തു. പ്രളയകാലം മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് യുവതി യുവാക്കളുടെ ഈ കൂട്ടായ്മ. 4000 രൂപയോളം വില വരുന്ന സുള്‍ഫക്‌സ് മാട്രെസ് കമ്പനിയുടെ കിടക്കകളാണ് വിതരണം ചെയ്തത്.
കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃത്യമായ പരിശോധനയിലൂടെയാണ് ഒന്നാം ഘട്ട വിതരണത്തിനുള്ള 106 കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ഇതിനു മുന്‍പ് 26 നിര്‍ധന കുടുംബങ്ങള്‍ക്ക് 5000 മുതല്‍ 50000 രൂപ വരെ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. അടുത്ത ഘട്ടം കിടക്കയുടെ വിതരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
കിടക്ക വിതരണം പാറക്കടവ് ജംഗ്ഷനില്‍ പഞ്ചായത്ത്് പ്രസിഡന്റ് റീന രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, പാറക്കടവ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. പ്രകാശന്‍, കൂട്ടായ്മയിലെ അംഗങ്ങളായ കാളത്തി മേയ്ക്കാട്ടു പരമേശ്വരന്‍ നമ്പൂതിരി, ആന്‍ഡ്രൂസ് പറമ്പേത്, കെ.ജെ. പരമേശ്വരന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ജോബി തോമസ്, കെ.പി. ജോര്‍ജ്, എസ്. അപര്‍ണ എന്നിവര്‍ പങ്കെടുത്തു.