കൊച്ചി: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 7,38,682 കുട്ടികള്‍ക്ക് ഒക്ടോബര്‍ 25 ന് വിരക്കെതിരെയുള്ള ഗുളിക നല്‍കും. അങ്കണവാടികള്‍, പ്ലേ സ്‌കൂളുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, കോളേജുകള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഗുളിക വിതരണം ചെയ്യുക.
വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേര്‍ന്നാണ് ദേശീയ വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.”വിരവിമുക്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്നതാണ് ദിനാചരണസന്ദേശം.
നേരത്തേ ഓഗസ്റ്റ് 10 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വിരവിമുക്ത ദിനാചരണം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
ഇന്ത്യയില്‍ ഒന്നിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 220ദശലക്ഷം കുട്ടികള്‍ക്ക് (ഈ പ്രായത്തിലുള്ള കുട്ടികളുടെ ഏകദേശം 68 % ). മണ്ണിലൂടെ പകരുന്ന വിരബാധയുണ്ടാകുവാന്‍ സാധ്യതയുള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആഹാരത്തിലൂടെയും മറ്റും കുട്ടികളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന വിരകള്‍ അവരുടെ വന്‍കുടലില്‍ വളരുകയും ആഹാരത്തില്‍ നിന്നും ലഭിക്കേണ്ട പോഷകഘടങ്ങളുടെ നല്ലൊരു പങ്ക് അപഹരിക്കുകയും ചെയ്യുന്നു. അതിനാല്‍ വിരശല്യം ബാധിച്ച കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, പഠനത്തില്‍ ഏകാഗ്രതയില്ലായ്മ തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. കുട്ടികളിലെ മാനസികവും ശാരീരികവുമായ വളര്‍ച്ച മുരടിക്കുന്നതിനും പഠനകാര്യങ്ങളില്‍ താത്പര്യക്കുറവുണ്ടാകുന്നതിനും ഇത് കാരണമായി തീരാറുണ്ട്. ആറു മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ കുട്ടികളിലെ വിരശല്യം പൂര്‍ണ്ണമായി തടയുവാന്‍ സാധിക്കും. 2015 ഫെബ്രുവരി 10 മുതലാണ് ഇന്ത്യയില്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുവാന്‍ ആരംഭിച്ചത്.
2016 ഓഗസ്റ്റ് 10 നാണ് ജില്ലയില്‍ ആദ്യമായി ദേശീയ വിരവിമുക്ത ദിനാചരണം ആരംഭിച്ചത്. തുടര്‍ന്ന് ആറു മാസത്തെ ഇടവേളയില്‍ ദിനാചരണം നടന്നു വരുന്നുണ്ട്. ഓരോ തവണയും ഗുളിക കഴിച്ച കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2017 ഓഗസ്റ്റ് 10 ന് നടന്ന വിരവിമുക്ത ദിനാചരണത്തില്‍ 83.45% കുട്ടികളും 2018 ഫെബ്രുവരി എട്ടിന് 88.09% കുട്ടികളും ഗുളിക കഴിച്ചിരുന്നു.
ഒരു വയസിനും രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക (200 mg) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. രണ്ട് വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 mg) യാണ് നല്‍കേണ്ടത്. രണ്ടു വയസ്സിനും മൂന്നു വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 mg) ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ചാണ് നല്‍കേണ്ടത്. മൂന്ന് വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ ഒരു ഗുളിക (400 mg) ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ചാണ് കഴിക്കേണ്ടത്. ഉച്ചഭക്ഷണത്തിന് ശേഷമാണ് ഗുളിക കഴിക്കേണ്ടത്.
സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആശ പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്‍കും. വിര വിമുക്ത ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും സ്‌കൂള്‍ അദ്ധ്യാപകര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി.
ഒക്ടോബര്‍ 25 ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ നവംബര്‍ ഒന്നിന് നടക്കുന്ന സമ്പൂര്‍ണ വിരവിമുക്ത ദിനത്തില്‍ ഗുളിക തീര്‍ച്ചയായും കഴിക്കണം. എന്നാല്‍ 18 വയസ്സ് പൂര്‍ത്തിയായ, വിവാഹിതരായ വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണിയല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഗുളിക കഴിക്കേണ്ടത്.