കൊച്ചി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തീരുമാനിക്കാന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ഗ്രാമസഭ സംഘടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പുകളെയും മുന്‍നിര്‍ത്തിയാണ് ഗ്രാമസഭ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക മേഖലയും ക്ഷീരമേഖലയും തകര്‍ന്ന എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പ്രളയബാധിത പ്രദേശമായ പറവൂരില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് രൂപപ്പെടുത്തേണ്ടതെന്ന് പ്രസിഡന്റ് പറഞ്ഞു.
കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.
വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കണമെന്നത് ചര്‍ച്ച ചെയ്യാനാണ് ഗ്രാമസഭ ചേര്‍ന്നത്. അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 93 പഞ്ചായത്ത് അംഗങ്ങള്‍, 12 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരാണുള്ളത്. ഗ്രാമസഭയ്ക്ക് ശേഷം ഇവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികളുടെ അവലോകനം നടത്തി. വ്യത്യസ്തമായ നിരവധി പദ്ധതികള്‍ക്കാണ് ഇത്തവണ പറവൂര്‍ ബ്ലോക്ക് രൂപം നല്‍കിയിരിക്കുന്നത്.
ഉത്പാദന മേഖലയില്‍ നിന്നും 16 പദ്ധതികള്‍ ഗ്രാമസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. പൊക്കാളി കൃഷി, ജൈവഗ്രാമം പദ്ധതി, പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണന സംവിധാനം, കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കായി തരിശുഭൂമിയില്‍ പച്ചക്കറി കൃഷി, വനിതാ ഗ്രൂപ്പുകള്‍ക്കായി പുഷ്പ കൃഷി, തുണി സഞ്ചി നിര്‍മ്മാണം, മത്സ്യബന്ധന വള്ളവും വലയും, ഷീ ടാക്‌സി – സ്വയം തൊഴിലിന് ടാക്‌സി കാര്‍ അല്ലെങ്കില്‍ പിക്ക് അപ്പ് വാഹനം എന്നിവയടങ്ങിയതാണ് ഉത്പാദന മേഖലയിലെ പദ്ധതികള്‍. സേവന മേഖലയില്‍ നിന്നും ദേശീയ പാതയോരത്ത് സ്ത്രീ സൗഹൃദ ആധുനിക ശൗചാലയം, ബഡ്‌സ് / സ്‌പെഷ്യല്‍ സ്‌കൂളുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തല്‍, ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ പ്രോത്സാഹനം, വയോജന സൗഹൃദസദസുകളും കലാമേളയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വാതായനം 2019 തൊഴില്‍ മേള, സ്വകാര്യ വ്യക്തികളുടേയും പൊതുസ്ഥലങ്ങളിലുമുള്ള കാവുകളുടെ സംരക്ഷണം, പഴയകാല കായിക വിനോദങ്ങളുടെ മേള എന്നിങ്ങനെ 28 പദ്ധതികള്‍ ഗ്രാമസഭയ്ക്ക് സമര്‍പ്പിച്ചു.
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക ഘടകപദ്ധതിയില്‍ 25 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍, ജില്ലാ, യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡാന്‍സ് കിറ്റ്/ സ്‌പോര്‍ട്‌സ് കിറ്റ്/ മറ്റുപകരണങ്ങള്‍ എന്നിവയ്ക്കായുള്ള ധനസഹായം, പട്ടികജാതി വനിതാ ഗ്രൂപ്പുകള്‍ക്ക് പരമ്പരാഗത കൈത്തൊഴിലുകള്‍ക്ക് പ്രോത്സാഹനം തുടങ്ങിയവയാണ് മുന്നോട്ടുവച്ചിരിക്കുന്ന പദ്ധതികള്‍. പട്ടികവര്‍ഗ്ഗ ഉപപദ്ധതി, മെയിന്റനന്‍സ് ഗ്രാന്റ്, ജനറല്‍ പര്‍പ്പസ് ഫണ്ട് എന്നിവയില്‍ നിന്നും ആറ് പദ്ധതികളെ സംബന്ധിച്ചും ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്തു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി. കമലാകാന്ത പൈ, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ഡി. സുധീര്‍, രശ്മി, ടൈറ്റസ് ഗോതുരുത്ത്, പി.പി. ഷൈജ ടീച്ചര്‍, ഹരി കണ്ടംമുറി, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.