പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി. ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി എന്ന നാമത്തില്‍ അറിയപ്പെടുന്ന, ചൈനയിലും വിയറ്റ്‌നാമിലും മാത്രം കണ്ടുവരുന്ന സസ്യത്തെയാണ് വയനാടന്‍ മലനിരകളില്‍ നിന്നു കണ്ടെത്തിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നീരിക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ സലീം പിച്ചന്‍, ജയേഷ് പി. ജോസഫ്, എം. ജിതിന്‍, ആലപ്പുഴ എസ്ഡി കോളേജിലെ ജോസ് മാത്യു, സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന പി. ധനേഷ് കുമാര്‍ തുടങ്ങിയവരാണ് ഈ കണ്ടെത്തലിനു പിന്നില്‍.
നിലത്ത് പറ്റിവളരുന്ന ഈ സസ്യത്തിന് ഹൃദയാകാരത്തോടു കൂടിയ രണ്ട് ഇലയും വെളുത്ത കിഴങ്ങുമുണ്ട്. പൂക്കളുടെ നിറം പച്ചയാണ്. ഈ വര്‍ഗത്തില്‍പ്പെടുന്ന കുറച്ചു സസ്യങ്ങള്‍ മാത്രമേ പശ്ചിമഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അതിനാല്‍ തന്നെ ഏറെ സംരക്ഷണ പ്രാധാന്യവും ഇവ ആവശ്യപ്പെടുന്നുണ്ട്. സസ്യത്തെ സംബന്ധിച്ചുള്ള പഠന റിപോര്‍ട്ട് ഇന്ത്യന്‍ ഫോറസ്റ്റര്‍ എന്ന ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
