ജനുവരി 21 ന് കടലോരം ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും


മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം വിലയിരുത്തുന്നതിനായും സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു. നവകേരളം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനുവരി 21ന് രാവിലെ എട്ടിന് മഞ്ചേശ്വരം മുതല്‍ വലിയപറമ്പ വരെ കടലോരം ശുചീകരിക്കും.

യുവജന സംഘടനകള്‍, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീരദേശ തദ്ദേശസ്ഥാപനതലത്തില്‍ സംഘാടക സമിതി ചേരും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംഘാടക സമിതികള്‍ ചേരും.

മാലിന്യ കൂമ്പാരങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പച്ചതുരുത്തുകളോ, പൂന്തോട്ടങ്ങളോ, ഇരിപ്പിടങ്ങളോ ആക്കി മാറ്റുന്ന സ്നേഹാരാമങ്ങള്‍ ജില്ലയില്‍ 78 എണ്ണം ആരംഭിച്ചു. ഡിസംബറില്‍ 108 ടണ്‍ പാഴ്‌വസ്തുക്കള്‍ ഹരിത കര്‍മ്മസേന ശേഖരിച്ചു. 12,09,586 രൂപ ഹരിത കര്‍മ്മസേനയ്ക്ക് നല്‍കി. എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണം കൃത്യമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി.രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ക്ലീന്‍ കേരള കമ്പനി ജില്ലാ കോര്‍ഡിനേറ്റര്‍ ബി.മിഥുന്‍, കെ.ബാബുരാജ്, എന്‍.ആര്‍.രാജീവ്, വി.സുനില്‍കുമാര്‍, എം.കെ.ഹരിദാസ്, ടി.വി.സുബാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.