പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മാനന്തവാടി ക്ഷീരോല്പാദപക സഹകരണ സംഘത്തിലെ അഞ്ചു കര്‍ഷകര്‍ക്ക് ആശ്വാസമായി തളിപ്പറമ്പ് പെരിഞ്ചെല്ലൂര്‍ സംഗീതസഭ കറവപശുക്കളെ നല്കി. പ്രളയവും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ജീവനോപാധി എന്ന നിലയ്ക്കാണ് പശുക്കളെ നല്‍കിയത്. കണിയാരം സ്വദേശിനി മേഴ്സി ജോയി, പെരുവക സ്വദേശിനി ഷീജ, മക്കിക്കൊല്ലിയിലെ സേവ്യര്‍, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, പട്ടികവര്‍ഗ വിഭാഗക്കാരിയായ ലീല എന്നിവര്‍ക്കാണ് മികച്ചയിനം കറവപശുക്കളെ വാങ്ങി നല്‍കിയത്. ഇവരുടെ പ്രയാസങ്ങള്‍ മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റും നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി.ടി. ബിജുവില്‍ നിന്നു മനസ്സിലാക്കിയ പെരിഞ്ചെല്ലൂര്‍ സംഗീതസഭ സഹായം നല്കാന് സന്നദ്ധമാവുകയായിരുന്നു.
കല്‍പ്പറ്റ ക്ഷീരവികസന ഓഫിസര്‍ വി.എസ്. ഹര്‍ഷയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഡോനേറ്റ് എ കൗ പദ്ധതി പശുക്കള്‍ നഷ്ടപ്പെട്ട ഒട്ടനവധിപേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. പ്രളയകാലത്ത് തമിഴ്നാട്ടില്‍ നിന്നും 22 ലോഡ് വൈക്കോല്‍, 35 ലോഡ് ചോളപുല്ല് എന്നിവ മിതമായ നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് മാനന്തവാടി ക്ഷീരസംഘം എത്തിച്ച് നല്‍കിയിരുന്നു. കൂടാതെ ക്ഷീരവികസന വകുപ്പും വിവിധ സന്നദ്ധസംഘടകളും നല്കിയ കാലിത്തീറ്റ ഉള്‍പ്പെടെ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കാനും ഭരണസമിതിക്ക് കഴിഞ്ഞു.
വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ പെരിഞ്ചെല്ലൂര്‍ സംഗീതസഭ നല്കിയ പശുക്കളെ മാനന്തവാടി നഗരസഭ അദ്ധ്യക്ഷന്‍ വി.ആര്. പ്രവീജ് കര്‍ഷകര്‍ക്ക് കൈമാറി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി കുര്യന്, വര്‍ഗീസ് ജോര്‍ജ്, വെറ്ററിനറി സര്ജന് ഡോ. സുനില്‍, മഹാത്മ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ദേവദാസ്, ഉണ്ണി ഫ്രാന്‍സിസ്, മാനന്തവാടി ക്ഷീരസംഘം ഡയറക്ടര്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
