കണിയാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നവീകരിച്ച ലൈബ്രറി കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കേന്ദ്ര ഹൈഡ്രോ കാര്‍ബണ്‍ ഡയറക്ടര്‍ ജനറലുമായ ഡോ. വി.പി. ജോയ് നിര്‍വഹിച്ചു. നോവല്‍, കഥ, കവിത, ലേഖനം, യാത്രാവിവരണം, സിനിമ, ചരിത്രം, സയന്‍സ്, ഗണിതം, അറബി, ഉറുദു, സംസ്‌കൃതം എന്നിങ്ങനെ 6,200 പുസ്തകള്‍ ലൈബ്രറിക്ക് സ്വന്തമായുണ്ട്. റീഡിംഗ് കോര്‍ണറില്‍ ഒരേ സമയം അറുപതോളം പേര്‍ക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമുണ്ട്. നാലു പത്രങ്ങളും 30 ആനുകാലികങ്ങളും ഇവിടെ വായനയ്ക്ക് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 12 സമാന്തര മാസികകളും ഇതില്‍ ഉള്‍പ്പെടുന്നു. അതുപോലെ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ 75 എഴുത്തുകാരുടെ ഛായാചിത്രങ്ങള്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോക സാഹിത്യത്തിലെ എഴുത്തുകാരെ പരിചയപ്പെടാന്‍ ഇതു കുട്ടികളെ സഹായിക്കും. ഗാര്‍സിയ മാര്‍ക്വിസ് മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെയുള്ള എഴുത്തുകാരുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദിയും ലൈബ്രറിയും ചേര്‍ന്നു പുസ്തക ചര്‍ച്ച, സംവാദം, എഴുത്തുകാരെ പരിചയപ്പെടല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. പത്രങ്ങളെയും ആനുകാലികങ്ങളെയും അടിസ്ഥാനമാക്കി എല്ലാ മാസവും സാഹിത്യ പ്രശ്‌നോത്തരി സംഘടിപ്പിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ പുസ്തകം വായിച്ച കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വര്‍ഷാവസാനം വായനാ പുരസ്‌കാരം നല്‍കും. പ്രധാനാദ്ധ്യാപിക എം.കെ. ഉഷാദേവി, അദ്ധ്യാപകരായ ഷാജി പുല്‍പ്പള്ളി, എന്‍. അബ്ദുള്‍ ഗഫൂര്‍, വിദ്യാര്‍ത്ഥികളായ അശ്വിന്‍ ജോസഫ്, കെ. ഫാസില, ഗൗരിനന്ദ, സഫാന ഫെബിന്‍ തുടങ്ങിയവരാണ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പിടിഎ പ്രസിഡന്റ് പി.സലീം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപധ്വനി പത്രാധിപര്‍ എല്‍.വി. ഹരികുമാര്‍, ജോസ് പാഴൂക്കാരന്‍, പി.സി. മജീദ്, ഹെഡ്മിസ്ട്രസ് എം.കെ ഉഷാദേവി, എം. ഷഹര്‍ബാന്‍, സി.എം. ഷാജു, ഷാജി പുല്‍പ്പള്ളി, വിനോദ് പുല്ലഞ്ചേരി, എന്‍. അബ്ദുള്‍ ഗഫുര്‍, ഇ. ദിനേശ് കുമാര്‍, എം.കെ. ലേഖ, എം.പി. ഡോളി, ഫാത്തിമ കടവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.