ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവീഷ്‌കരിച്ച കിക്ക് ഓഫ്” പദ്ധതിയില്‍ ഒക്ടോബര്‍ 25 മുതല്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താം. ആദ്യഘട്ടത്തില്‍ 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് പരിശീലനം. www.sportskeralakickoff.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
വയനാട് ജില്ലയിലെ പ്രാഥമിക തെരഞ്ഞെടുപ്പ് ക്യാമ്പ് നവംബര്‍ ഏഴീന് പനമരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. നവംബര്‍ എട്ട് മുതല്‍ 11 വരെ പരിശീലന ക്യാമ്പുകളും 13ന് അവസാനഘട്ട തെരഞ്ഞെടുപ്പും നടക്കും. പദ്ധതയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക നവംബര്‍ 19ന് പ്രസിദ്ധീകരിക്കും.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ സന്ദേശം ലഭിക്കും. സെലക്ഷനു വരുമ്പോള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ ഹെഡ്മാസ്റ്ററില്‍ നിന്നും ലഭിച്ചിട്ടുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രേഖകള്‍ സഹിതം നേരിട്ടെത്തിയാല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഫുട്‌ബോള്‍ ലോകറാങ്കിങ്ങില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളില്‍ നിന്നും ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി കുഞ്ഞുന്നാളിലെ വിദഗ്ധ പരിശീലനം നല്‍കുക എന്ന ദൗത്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കിക്ക് ഓഫ് ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വ്യവസായ – കായിക – യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ കണ്ണൂര്‍ കല്യാശ്ശേരിയില്‍ നവംബര്‍ 24ന് നിര്‍വഹിക്കും. യുവജന കായിക പരിശീലനകേന്ദ്രങ്ങള്‍ നടത്തി പത്ത് വര്‍ഷത്തിലധികം പരിചയമുള്ള സംഘടനകളുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 18 കേന്ദ്രങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പരിശീലനം തുടങ്ങാനാണ് ലക്ഷ്യം. പദ്ധതിയുടെ വിജയത്തിനായി സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലും മോണിറ്ററിംഗ് സമിതികളും രൂപികരിച്ചിട്ടുണ്ട്.
