രാജ്യത്തെ പട്ടിക ജാതി പട്ടികവര്‍ഗക്കാരെ സ്വയം സംരഭകരാക്കുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കേന്ദ്ര പദ്ധതി. ഇതിന്റെ ഭാഗമായി ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്ക് വേണ്ടി കല്‍പ്പറ്റയില്‍ ഏകദിന പരിശീലനം നടത്തി. 2020 വരെയുള്ള നാല് സാമ്പത്തിക വര്‍ഷങ്ങളിലേക്ക് 490 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ എം.എസ്.എം.ഇ മന്ത്രാലയം രൂപികരിച്ച ദേശീയ പട്ടികജാതി പട്ടികവര്‍ഗ ഹബ് വഴി പരിശീലനം, സാമ്പത്തിക സഹായം, സാങ്കേതിക സഹായം എന്നിവ നല്‍കും.
പുതുതായി സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്ക് മാര്‍ക്കറ്റിംഗിലും സഹായിക്കും. എം.എസ്.എം.ഇ ഡാറ്റാ ബാങ്ക്, വെണ്ടര്‍ ഡവലപ്‌മെന്റ് പദ്ധതികള്‍, മാര്‍ഗനിര്‍ദ്ദേശ ശേഷി രൂപികരണം, സാമ്പത്തിക സഹായങ്ങള്‍ക്കുള്ള പിന്തുണ, വിതരണക്കാരുടെ കണ്‍സോര്‍ഷ്യം, വിപണനത്തിനുള്ള സഹായം, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയ കാര്യങ്ങള്‍ എന്‍.എസ്.ഐ.സി ഏകോപിപ്പിക്കും.
കല്‍പ്പറ്റ വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ സോണല്‍ ചീഫ് ജനറല്‍ മാനേജര്‍ പി. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ. ഭാസ്‌കരന്‍, എന്‍.എസ്.ഐ.സി ബ്രാഞ്ച് മാനേജര്‍ ജിയോ ജോണ്‍, ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.വി. ശിവരാജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ പി.എസ്. കലാവതി, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, എസ്. വിനോദ്, ലജിത മോള്‍, വി.എം. മുഹമ്മദ് കോയ, കെ. രാധാകൃഷ്ണന്‍, ദിനേശ് കുമാര്‍, വിജയരാജന്‍, കുഞ്ഞികൃഷ്ണന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.