കൊഴിഞ്ഞാമ്പാറ ​ഗവ. കോളേജിന് നാക് ബി പ്ലസ് പ്ലസ് അംഗീകാരം. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) കോളേജിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ ആധാരമാക്കി നടത്തിയ വിലയിരുത്തലിലാണ് ബി പ്ലസ് പ്ലസ് (സി.ജി.പി.എ: 2.88) ഗ്രേഡോടെ നാക് അക്രഡിറ്റേഷന്‍ നേടിയത്.

ഡോ. സത്പാല്‍ സിങ് ബിഷ്ടത്, ഡോ. സുരേഷ് കുമാര്‍ അഗര്‍വാള്‍, ഡോ. പ്രകാശ് തോരത് എന്നിവര്‍ ഉള്‍പ്പെട്ട നാക് പിയര്‍ ടീം ജനുവരി നാല്, അഞ്ച് തീയതികളില്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. കോളേജിലെ എല്ലാ പഠനവിഭാഗങ്ങള്‍ സന്ദര്‍ശിച്ച് അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തി.

കോളേജിന്റെ പഠനാന്തരീക്ഷം, ഭൗതിക സാഹചര്യങ്ങള്‍, നൂതന പാഠ്യപദ്ധതികള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, ഗവേഷണം, കായിക മികവ് തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിച്ച് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നടത്തിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി എക്സിറ്റ് മീറ്റിങ്ങില്‍ റിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ക്ക് കൈമാറി.

ആദ്യമായാണ് കോളേജ് നാക് അക്രഡിറ്റേഷനില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ തമിഴ് ഭാഷാ ന്യൂനപക്ഷ പ്രദേശത്ത് 2005 ല്‍ സ്ഥാപിതമായ ഈ സര്‍ക്കാര്‍ കോളെജിന് നാക് ഗ്രേഡിങ്ങില്‍ ആദ്യ തവണ തന്നെ ബി പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ നേട്ടമാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ഇ-വേസ്റ്റ് കൈമാറി

കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാക് സന്ദര്‍ശനവും ‘ക്ലീന്‍ ക്യാമ്പസ്’ പദ്ധതിയുടെയും ഭാഗമായി കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഒരു ടണ്‍ ഇ-വേസ്റ്റ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറ്റം ചെയ്തതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.