ഭൂമി തരംമാറ്റല്‍ അദാലത്തില്‍ ജില്ലയിലെ 2478 പേര്‍ക്ക് ഉത്തരവ് കൈമാറി. തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലെയും തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെയും ഭൂമി തരം മാറ്റല്‍ ഉത്തരവാണ് വിതരണം ചെയ്തത്. തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ പരിധിയിലെ കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ നിന്നായി 1722 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.

തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 756 പേരും ഉത്തരവ് കൈപ്പറ്റി. തളിപ്പറമ്പ് സബ് ഡിവിഷനില്‍ ആകെ 1901 അപേക്ഷകളാണ് സൗജന്യ ഭൂമി തരംമാറ്റലിന് അര്‍ഹമായത്. ഇവയില്‍ 179 എണ്ണം തീര്‍പ്പാക്കാന്‍ ബാക്കിയുണ്ട്. ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനും കൂടുതല്‍ പരിശോധന ആവശ്യമായതുമായ 153 അപേക്ഷകളാണ് ഉള്ളത്. 26 എണ്ണം നിരസിച്ചു.

തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലെ തലശ്ശേരി താലൂക്കില്‍ 702 ഉം ഇരിട്ടി താലൂക്കില്‍ 54 പേര്‍ക്കും ഉത്തരവ് കൈമാറി. 814 അപേക്ഷകളായിരുന്നു രണ്ടാഴ്ച നീണ്ട അദാലത്തില്‍ ലഭിച്ചത്. ഇതില്‍ മതിയായ രേഖകളില്ലാത്ത 58 എണ്ണം തിരിച്ചയച്ചു.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നല്‍കിയ ഫോറം ആറ് ഓണ്‍ലൈന്‍ അപേക്ഷകളില്‍ സൗജന്യ തരം മാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്.

തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ അദാലത്ത് മയ്യില്‍ വില്ലേജിലെ കെ പി റഹദിയക്ക് ഭൂമി തരംമാറ്റല്‍ ഉത്തരവ് കൈമാറി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. എഡിഎം ടി വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തില്‍ തളിപ്പറമ്പ് ആര്‍ഡിഒ ടി എം അജയകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ വി ശ്രുതി (ഡി എം), ലിറ്റി ജോസഫ് (ഇലക്ഷന്‍), പി ഷാജു (എല്‍ ആര്‍), ശ്രീലത (ആര്‍ ആര്‍), തഹസില്‍ദാര്‍മാരായ എം ടി സുരേഷ് ചന്ദ്രബോസ് (കണ്ണൂര്‍), പി സജീവന്‍ (തളിപ്പറമ്പ്), എം കെ മനോജ്കുമാര്‍ (പയ്യന്നൂര്‍), എല്‍ ആര്‍ തഹസില്‍ദാര്‍മാരായ ആഷിക് തോട്ടാന്‍(കണ്ണൂര്‍), ചന്ദ്രശേഖരന്‍ (തളിപ്പറമ്പ്), ഇ കെ രാജന്‍ (പയ്യന്നൂര്‍), വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തലശ്ശേരി സബ് ഡിവിഷന്‍ അദാലത്ത് കോടിയേരി വില്ലേജിലെ സി എച്ച് സത്യനാഥന് ഭൂമി തരംമാറ്റിയ ഉത്തരവ് കൈമാറി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി തഹസില്‍ദാര്‍ കെ ഷീബ, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍, ഇരിട്ടി (എല്‍ ആര്‍) തഹസില്‍ദാര്‍ കെ ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.