കൊച്ചിന് ഷിപ്പ്യാര്ഡില് ഡ്രൈ ഡോക്കിന് നിര്‍മ്മാണ തുടക്കം, കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച രണ്ട് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചി: കൊച്ചിന് ഷിപ്പ്യാര്ഡില് അത്യാധുനിക ഡ്രൈ ഡോക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആഗോള ഷിപ്പിംഗ് വ്യവസായത്തിന്റെ കേന്ദ്ര ബിന്ദുവായി കൊച്ചി ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡ്രൈ ഡോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനം കൊച്ചിന് ഷിപ്പ്യാര്ഡില് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിനായി കൊച്ചിന് ഷിപ്പ്യാര്ഡില് നിര്‍മ്മിച്ച രണ്ട് 500 പാക്സ് യാത്രാക്കപ്പലുകളുടെ നീറ്റിലിറക്കല്‍ ചടങ്ങും നടന്നു. നിതിന്‍ ഗഡ്കരിയുടെ പത്നി കാഞ്ചന് ഗഡ്കരിയാണ് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്. നേരത്തേ യാത്രക്കപ്പലുകളുടെ നീറ്റിലിറക്കല്‍ ചടങ്ങിനോടനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുത്ത ശേഷമാണ് കേന്ദ്രമന്ത്രിയും പത്നിയും ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനെത്തിയത്.
രാജ്യത്തിന്റെ വികസന പാതയില്‍ പുതിയ അധ്യായം കുറിക്കാന്‍ കൊച്ചിന് ഷിപ്പ് യാര്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നാമത്തെ ഡ്രൈ ഡോക്കാണ് നിര്‍മ്മിക്കുന്നത്. കൊളംബോ, ദുബായ്, സിംഗപ്പൂര്‍, ബഹ്റിന് എന്നീ രാജ്യങ്ങളിലെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്നതാകും കൊച്ചിയിലെ ഡ്രൈ ഡോക്ക്. രാജ്യത്തിന്റെ തനത് സംരംഭമാണിത്. കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുകയാണ് ഷിപ്പ്യാര്ഡ്. ആഗോള ഷിപ്പിംഗ് വ്യവസായത്തില്‍ നിലവിലുള്ള രാജ്യത്തിന്റെ സംഭാവനയില് വന്‍ വര്‍ധനയുണ്ടാക്കാന്‍ ഡ്രൈ ഡോക്കിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. പ്രതിരോധ, പാരമ്പര്യേതര ഊര്‍ജ മേഖലകള്‍ക്ക് വലിയ മുതല്‍ കൂട്ടായിരിക്കും ഈ സംരംഭം. അത്തരം മേഖലകളുമായി ബന്ധപ്പെട്ട കപ്പലുകളുടെ നിര്‍മ്മാണമായിരിക്കും ഡ്രൈ ഡോക്കില്‍ നടക്കുക. രാജ്യത്തിന്റെ വികസനം സാധ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഷിപ്പ്യാര്ഡ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഉത്തേജമാകുന്ന വാക്കുകളാണ് കേന്ദ്രമന്ത്രിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉള്‍നാടന്‍ ജലഗതാഗതത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജലഗതാഗതവും ചരക്ക് നീക്കവും സുഗമമാക്കുന്നതിനുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ടൂറിസം രംഗത്തിനും ഉള്‍നാടന്‍ ജലഗതാഗതം മുതല്‍ക്കൂട്ടാകും. വിഴിഞ്ഞം തുറമുഖം പോലുള്ള വലിയ കുതിപ്പേകുന്ന പദ്ധതികളും സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കൊച്ചിന് ഷിപ്പ്യാര്ഡ് സ്വകാര്യവത്കരിക്കാനുദ്ദേശിക്കുന്നില്ല. വ്യവസായിക പുരോഗതിക്ക് മൂലധന നിക്ഷേപം അനിവാര്യമാണ്. അതിനാല്‍ മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഷിപ്പിംഗ് വ്യവസായത്തിന്റെ 0.6% മാത്രമാണ് ഇന്ത്യയുടെ സംഭാവന. കൊച്ചിയിലെ ഡ്രൈ ഡോക്ക് യാഥാര്‍ഥ്യമാകുന്നതോടെ വലിയ നേട്ടം കൈവരിക്കാനാകും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉതകും വിധമുള്ള സാമ്പത്തിക സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. മൂലധനമില്ലാതെ വികസനം സാധ്യമല്ല. വികസനമില്ലാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകില്ല. ലോജിസ്റ്റിക്സ് രംഗത്ത് നൂതന സാങ്കേതികവിദ്യ അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്പ് യാര്‍ഡ് മികച്ച തൊഴില്‍ പരിശീലന കേന്ദ്രം കൂടിയാണ്. ഇവിടെ പരിശീലനം നേടിയ നിരവധി പേര് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. കേരളത്തിലെ യുവാക്കള്‍ക്കായി തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈ ഡോക്കിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി 2000 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചിന് ഷിപ്പ് യാര്‍ഡ് ചെയര്മാന് & എം.ഡി മധു എസ്. നായര്‍ പറഞ്ഞു. കൊച്ചിയെ ഏഷ്യയിലെ പ്രധാന മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. 1799 കോടി ചെലവില്‍ പൂര്‍ത്തിയാകുന്ന ഡ്രൈ ഡോക്ക് വിമാന വാഹിനി കപ്പലുകളും എല്‍എന്‍ജി കാരിയറുകളും നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ്. ഒരേ സമയം വലിയ കപ്പലുകളും ചെറു നൗകകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഡോക്കിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുണ്ട്. ഓള്‍ഡ് തേവര റോഡില്‍ കപ്പല്‍ശാലയുടെ 30 ഏക്കറിലാണ് ഡോക് വരുന്നത്. മേക്ക് ഇന്‍ ഇന്ത്യ സാഗര്‍മാല പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഡോക്കിന്റെ നിര്‍മാണം.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എല്‍എന്‍ജി കാരിയറുകള്‍, ഡ്രില്‍ ഷിപ്പുകള്‍, വിമാനവാഹിനി കപ്പലുകള്‍, ഗവേഷണയാനങ്ങള്, ജാക് അപ് റിഗ്ഗുകള്‍ എന്നിവ നിര്‍മിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയും. ആഗോള കപ്പല്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ സംഭാവന രണ്ട് ശതമാനമായി വര്‍ധിക്കുകയും 2000 ത്തലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
കൊച്ചി മേയര്‍ സൗമിനി ജെയിന്, എംപിമാരായ പ്രൊഫ. കെ.വി. തോമസ് റിച്ചാര്‍ഡ് ഹേ, വി. മുരളീധരന്, ഹൈബി ഈഡന് എംഎല്‍എ, പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ഡോ. എം. ബീന, കൊച്ചിന് ഷിപ്പ് യാര്‍ഡ് ചെയര്മാന് & എം.ഡി മധു എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിക്ക് ഗഡ്കരിയുടെ പ്രത്യേക അഭിനന്ദനം
കൊച്ചിന് ഷിപ്പ് യാര്‍ഡിലെ ഡ്രൈ ഡോക്കിന്റെ ശിലാസ്ഥാപനവും കപ്പലുകളുടെ നീറ്റിലിറക്കല്‍ ചടങ്ങും നിര്‍വഹിച്ച് സംസാരിച്ച കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചു. കേരളത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പ്രതിസന്ധി ഉണ്ടെങ്കിലും അത് മറികടക്കാനായി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നതിനാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്. ദേശീയ പാത വികസന പദ്ധതികളും വേഗത്തിലാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.