കേരള റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2024 മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ച് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 11.30 ന് ചർച്ച നടത്തി.
റേഷൻ വ്യാപാരികൾ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളായ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കുക, KTPDS നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ചത്.
ഓരോ വിഷയങ്ങളിന്മേലും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് മന്ത്രി വ്യാപാരികളോട് വിശദീകരിച്ചു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന സംഘടനകളുടെ ആവശ്യത്തിന്മേൽ സർക്കാരിന് തുറന്ന മനസ്സാണുള്ളത്. എന്നാൽ കേരളത്തിന്റെ നിലവിലെ സാമ്പത്തിക പരിമിതിയിൽ ഇക്കാര്യം ഉടനെ പരിഹരിക്കാൻ കഴിയില്ല എന്നും കുറച്ചുകൂടി സാവകാശം ആവശ്യമാണെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
കെ.പി.റ്റി.ഡി.എസ് നിയമം കാലോചിതമായി പരിഷ്കരിക്കുന്നതിന് റേഷനിംഗ് കൺട്രോളർ കൺവീനറായിട്ടുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായും മാർച്ച് മാസത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരി സംഘടനകളുമായി ചർച്ച നടത്തി കെ.റ്റി.പി.ഡി.എസ് നിയമം പരിഷ്ക്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിന് ധനകാര്യ മന്ത്രിയുമായി ആലോചിച്ച് വ്യാപാരികൾക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വ്യാപാരികൾ സമരപരിപാടികളിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.ജി.പ്രിയ്യൻകുമാർ, സി.ബി. ഷാജികുമാർ, സി.മോഹനൻ പിള്ള, കാടാമ്പുഴ മൂസ, കെ.ബി. ബിജു, റ്റി. മുഹമ്മദലി, മീനാങ്കൽ സന്തോഷ്, കുറ്റിയിൽ ശ്യം, ഉഴമലയ്ക്കൽ വേണുഗോരാൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.